അനന്ത് അംബാനിയുടെ ‘വൻതാര’ വന്യജീവി സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് 195 ചോദ്യങ്ങൾ ഉയർത്തി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. കഴിഞ്ഞ മാസമാണ് വൻതാരയെക്കുറിച്ച് അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘം വന്യജീവി സംരക്ഷണ കേന്ദ്രത്തിനെതിരായ ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൃഗസംരക്ഷണ പദ്ധതികളിലൊന്നായി 2024ൽ ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തനം ആരംഭിച്ച വൻതാര 3,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ്. റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് പ്രവർത്തനം. എന്നാൽ വൻതാര പരിസ്ഥിതി, വന്യജീവി, സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് സമർപിച്ച ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയമിച്ചത്. മൃഗങ്ങളെ കൊണ്ടുവന്ന നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധനയിൽ ഉൾപ്പെടും.
മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിലാണ് സംഘം പ്രവർത്തിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, വന്യജീവി സംരക്ഷണ നിയമം പാലിച്ചിട്ടുണ്ടോ, വിദേശത്തുനിന്നും ഇന്ത്യയിൽനിന്നും മൃഗങ്ങളെ വാങ്ങിയ നടപടികൾ നിയമാനുസൃതമാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട 195 ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് സംഘം വൻതാരയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ സിബിഐ, ഇഡി എന്നിവയെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
A Supreme Court-appointed Special Investigation Team (SIT) has issued 195 questions to Reliance’s Vantara wildlife center as part of its ongoing probe.