ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായി മാറി ജോയ് ആലുക്കാസ് ഗ്രൂപ്പ് (Joyalukkas Group) ചെയർമാൻ ജോയ് ആലുക്കാസ് (Joy Alukkas). ഫോർബ്സിന്റെ റിയൽ-ടൈം ബില്യണയർ പട്ടിക (Forbes’ Real-Time Billionaires List) പ്രകാരം 6.7 ബില്യൺ ഡോളറാണ് (ഏകദേശം 59,000 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ആഗോള സമ്പന്ന പട്ടികയിൽ 566ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് (Lulu Group) സ്ഥാപകനായ എം.എ. യൂസഫലിയാണ് (M.A. Yusuff Ali) സമ്പന്ന മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 5.4 ബില്യൺ ഡോളർ ആസ്തിയുള്ള യൂസഫലി ആഗോളതലത്തിൽ 748ആം സ്ഥാനത്താണ്.
$4.0 ബില്യൺ ആസ്തിയുമായി ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കിയാണ് സമ്പന്ന മലയാളികളിൽ മൂന്നാമതുള്ളത്. $3.9 ബില്യൺ ആസ്തിയുമായി ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള നാലാമതും $3.6 ബില്യൺ ആസ്തിയുമായി കല്യാൺ ജ്വല്ലേർസ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഞ്ചാമതുമാണ്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ, കെയ്ൻസ് ടെക്നോളജി സ്ഥാപകൻ രമേശ് കുഞ്ഞിക്കണ്ണൻ, മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാരായ സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് തുടങ്ങിയവരും സമ്പന്ന മലയാളികളിൽ മുൻപന്തിയിലുണ്ട്.

ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി തന്നെയാണ്. 92.5 ബില്യൺ ഡോളർ ആസ്തിയുമായാണ് മുകേഷ് അംബാനി ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലോകത്ത് 18ആം സ്ഥാനവും നേടിയത്. 56.3 ബില്യൺ ഡോളർ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യക്കാരിൽ രണ്ടാമൻ.
Joyalukkas Group’s Joy Alukkas is now the richest Malayali with a net worth of over ₹59,000 crore, according to Forbes’ Real-Time Billionaires List.
