ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ സുഗമമാക്കുന്നതിനായി യുപിഐ-യുപിയു സംയോജന പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായിൽ നടന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിലാണ് (Universal Postal Congress) കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഔദ്യോഗികമായി പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഡിപ്പാർട്ട്മെൻറ് ഓഫ് പോസ്റ്റ്സ് (DoP), എൻപിസിഐ ഇന്റർനാഷണൽ പേയ്മെൻറ്സ് ലിമിറ്റഡ് (NIPL), യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) എന്നിവ ചേർന്നാണ് ഈ സംരംഭം രൂപപ്പെടുത്തിയത്. ഇതിലൂടെ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ്സ് ഇന്റർഫേസിനെ (UPI), യുപിയു ഇന്റർകണക്ഷൻ പ്ലാറ്റ്ഫോമുമായി (UPU-IP) സംയോജിപ്പിക്കുന്നു.
പദ്ധതി പൂർണമായും നടപ്പിലാക്കുന്നതോടെ യുപിഐയുടെ വേഗതയിൽ കുറഞ്ഞ ചിലവിൽ അതിർത്തിക്കപ്പുറമുള്ള പണമിടപാടുകൾ സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു. വിദേശത്തുനിന്നുള്ള പണമയയ്ക്കലിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന സുരക്ഷിതവും ലളിതവുമായ പേയ്മെന്റ് ചാനലായാണ് യുപിഐ–യുപിയു സംയോജന പദ്ധതിയെ കണക്കാക്കുന്നത്.
India’s UPI system is now integrated with UPU-IP to simplify and speed up money transfers from abroad, as announced in Dubai.