ലോകമാകെ ഡയറക്ട് കണക്റ്റിവിറ്റിയുള്ള വിഴിഞ്ഞത്ത്, ലോകത്ത് നിന്നാകമാനം കപ്പൽ വന്നുപോകുന്ന വിഴിഞ്ഞത്ത്, അതിന്റെ ഉടമസ്ഥരായ, മലയാളികളായ നമ്മൾ നിസ്സംഗരായി ഇരിക്കുകയാണോ? വിഴിഞ്ഞം നമ്മുടെ അഭിമാന തുറുമുഖമായി എന്തിനും തയ്യാറായി നിൽക്കുമ്പോ, കുടുംബശ്രീ യൂണിറ്റുകൾ പോലെ സക്രിയമായ സംരംഭക യൂണിറ്റുകൾ ഇവിടെയുള്ളപ്പോ, എന്തുകൊണ്ട് എക്സോറ്റിക് ഫ്ലവർ എക്സ്പോർട്ട് പോലെയുള്ള അനവധിനിരവധി പണം വരുന്ന സാധ്യതകൾ നമുക്ക് ശ്രമിച്ചൂടേ? അങ്ങനെ ചെയ്താൽ എത്ര ലക്ഷം രൂപയായിരിക്കും മാസമാസം കേരളത്തിലെത്തുക?
നൂറ്റാണ്ടുകളായി തുറമുഖത്തിന്റെ വീരചരിതമുള്ള എത്രയോ അഴിമുഖങ്ങൾ രാജ്യത്തുണ്ട്. മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, മദ്രാസ് തുറമുഖങ്ങൾ പോലെ.. എന്തിന് നമ്മുടെ കൊച്ചി തുറമുഖം നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞതാണ്. പക്ഷെ, 2024 ഡിസംബറിൽ ഒഫീഷ്യലി കമ്മീഷൻ ചെയ്ത വിഴിഞ്ഞത്തിന് ഈ പറഞ്ഞ പോർട്ടുകൾക്കൊന്നുമില്ലാത്ത, അപൂർവ്വമായ, ഒരു യുണീഖായ, പ്രാധാന്യമുണ്ട്. അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളുമായും കണക്റ്റഡായി കിടക്കുകയാണ് വിഴിഞ്ഞം. ഇന്ത്യയുടെ ആകെ സമുദ്രാശ്രിത എക്കോണമിയെ തിരുത്തിയെഴുതാൻ കെൽപ്പുള്ള വിഴിഞ്ഞം. ധാതു നിക്ഷേപമോ , ഖനനമോ, റോമെറ്റീരിയൽ പ്രൊഡക്ഷനോ വമ്പൻ ഫാക്ടറികളോ ഒന്നും ഇല്ലാത്ത കേരളത്തിന് സാമ്പത്തികമായി വൻകിട സ്വപ്നം കാണാനും സംസ്ഥാനത്തിന്റെയാകെ ജിഡിപിയുടെ ഇന്ധനമാകാനും പറ്റുന്ന വിഴിഞ്ഞം. ലോകം മുഴുവൻ മാർക്കറ്റാക്കി മാറ്റാൻ കേരളത്തിന് കരുത്തുപകരുന്ന വിഴിഞ്ഞം. ആ വിഴിഞ്ഞത്തേക്കുറിച്ച് അധികമാരും സംസാരിച്ചിട്ടില്ലാത്ത സാധ്യതകളെക്കുറിച്ചാണ് എഡിറ്റോറിയൽ ഇൻസൈറ്റ്സ് വിശകലനം ചെയ്യുന്നത്. ഒപ്പം നമ്മൾ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന സമയത്തെക്കുറിച്ചും.

അടുത്ത സിംഗപ്പൂർ ആണ് വിഴിഞ്ഞം. എന്നാൽ ഇത് പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം നമ്മൾ സിംഗപ്പൂരാകുമോ? കേരളമെന്ന സംസ്ഥാനത്തിനാകെ സിംഗപ്പൂരിനേക്കാൾ നേട്ടം കൊയ്യാൻ കെൽപ്പുള്ളതാണ് വിഴിഞ്ഞം. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാളികൾ ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. ഇന്നാണെങ്കിൽ കുടുംബസമേതം മലയാളികൾ അന്യ ദേശത്ത് പിആറും, പൗരത്വവും ഒക്കെ എടുക്ക് സ്ഥിരമായി കുടിയേറുന്നു. അതിനെ റിവേഴ്സ് ചെയ്യാൻ കെൽപ്പുണ്ട് വിഴിഞ്ഞത്തിന്.
ഒരു ഉദാഹരണം പറയാം ആയിരക്കണക്കിന് അസംസ്കൃത തോട്ടണ്ടിയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കേരള കമ്പനികൾ ഇറക്കുമതി ചെയ്യുന്നത്. പക്ഷെ പ്രോസസിംഗും മറ്റും തമിഴ്നാട്ടിലാണ്. രസം എന്താണെന്നുവെച്ചാൽ വിഴിഞ്ഞത്തെ ഈ മഹാ തുറമുഖത്ത് എത്തുന്ന കണ്ടെയ്നറുകൾ നേരേ പോകുന്നത് തമിഴിനാട്ടിലെ ഫാക്ടറികളിലാണ്. അവിടെ പ്രോസസ് ചെയ്ത് ബ്രാൻഡ് ചെയ്ത് എക്സ്പോർട്ട് ചെയ്യുന്നു. മലയാളികളുടെ കമ്പനികളാണ് ഭൂരിഭാഗവും. തിരുവനന്തപുരത്തിന് സമീപം പ്രൊസസിംഗ് ഫെസിലിറ്റി ഉണ്ടായിരുന്നങ്കിൽ, അത് അഫോർഡബിളായ റേറ്റിൽ സംരംഭകന് കിട്ടുന്ന സാഹചര്യമുണ്ടായിരുന്നങ്കിൽ, വിഴിഞ്ഞത്തിന്റെ ബലത്തിൽ നിരവധി സംരംഭങ്ങളുടെ വേലിയേറ്റം നമുക്ക് സൃഷ്ടിക്കാമായിരുന്നു. അത് കാഷ്യു മാത്രമല്ല, അഗ്രി, സീഫുഡ്, സ്പൈസസ് പ്രൊഡക്റ്റുകൾ ഉൾപ്പെടെ നിരവധി എംഎസ്എംഇ സംരംഭങ്ങൾക്ക് അസാധാരണമായ വളർച്ചാസാഹചര്യം ഒരുക്കിയേനേ അത്.

അതുപോലെ ചേർത്തല, അരൂർ, ശക്തികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ ഒതുങ്ങാതെ കാസർകോഡ് തുടങ്ങി തിരുവനന്തപുരം വരെയുള്ള തീരദേശ ജില്ലകളിലാകെ ഫിഷ് പ്രൊസസിംഗ് ഹബ്ബുകൾ സൃഷ്ടിക്കാനല്ലേ, 600 കിലോമീറ്ററോളം തീരദേശമുള്ള കേരളം ശ്രമിക്കേണ്ടത്. അതല്ലേ വിഴിഞ്ഞം എന്ന സൂപ്പർ പ്രോജക്റ്റ് നമ്മളോട് പറയുന്നത്. കഷ്ടിച്ച് 500 രൂപ കിട്ടാൻവേണ്ടി പകലാകെ കഷ്ടപ്പെടുന്ന മത്സ്യസംസ്ക്കരണ ഫാക്ടറികളിലെ സ്ത്രീകൾക്ക് 5000 രൂപ വരുമാനം നേടികൊടുക്കാനും, അവരുടെ അന്തസ്സുയർത്താനും സ്മാർട്ടായി ചിന്തിച്ചാൽ വിഴിഞ്ഞത്തിന് കഴിയില്ലേ. ഇൻഡസ്ട്രിയൽ ഹബ്ബാകാൻ, ഐഫോണും, കാറും, റോക്കറ്റും ഒന്നും ഉണ്ടാക്കണ്ട, പകരം ചെറു സംരംഭങ്ങളുടെ ക്ലസ്റ്ററുകൾ നാടാകെ ഉണ്ടായാൽ മതി! അതിനെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാൻ കണക്റ്റിവിറ്റിയും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഉണ്ടായാൽ മതി.
ഏതൊക്കെയാണ് ആ അവശ്യം വേണ്ട പശ്ചാത്തല സൗകര്യങ്ങൾ? ഒരു അന്താരാഷ്ട്ര തുറമുഖത്തിന് അടുത്തായി എംപ്റ്റി കണ്ടെയ്നർ യാർഡ്ഡുകൾ വേണം. കണ്ടെയ്നറുകൾ സ്റ്റാക്ക് ചെയ്യാൻ പറ്റുന്ന ഉറപ്പുള്ള ലാൻഡ് വേണം. കണ്ടെയ്നറുകളുമായി വലിയ ട്രെയിലർ ലോറികൾ ഉള്ളിൽ കയറിയാൽ ടയറ് പുതഞ്ഞുപോകാത്ത രീതിയിൽ ലെവല് ചെയ്ത പറമ്പുകൾ. വരാൻ പോകുന്ന ബിസിനസ്സ് വോള്യം നോക്കിയാൽ ഒരു 150 ഏക്കർ എംപ്റ്റി കണ്ടയ്നർ യാർഡ് വിഴിഞ്ഞത്തിന് അടുത്ത് ഉടനടി എടുക്കാനുണ്ടോ? ഇല്ല എന്നു പറയേണ്ടി വരും! വിഴിഞ്ഞം കേരളത്തിന് മഹാ സംഭവം ഒന്നും സ്വയം കൊണ്ടുവരില്ല. നാം ബോധപൂർവ്വം ഉണ്ടാക്കി എടുക്കുകതന്നെ വേണം!

ഒരു ട്രില്യൺ യുഎസ്ഡി എന്ന മാജിക് ജിഡിപി അച്ചീവ് ചെയ്യാൻ മത്സരിക്കുന്ന നമ്മുടെ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ! തമിഴ്നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയവ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വേഗത്തിൽ വളരുന്ന എക്കണോമികളാണ്. അവരുടേത് മാനുഫാക്ചറിംഗ് എക്കോണമിയാണ്. ഇംപോർട്ടും എക്സ്പോർട്ടും അവർക്ക് ആവശ്യമുണ്ട്. വിഴിഞ്ഞത്ത് നമ്മൾ അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയാൽ മതി. ഇവർ ഉപയോഗിച്ചോളും. കേരളത്തിന് മറ്റൊരു പ്രൊജക്റ്റും തരാത്ത അത്ര വികകസനം വിഴിഞ്ഞം നൽകും.
പ്രോസസ്ഡ് ഫിഷ്, ചെമ്മീൻ, കാഷ്യു എന്നിവ ഇന്ന് വല്ലാർപാടത്ത് നിന്ന് കയറിയാൽ യുഎസ് ഡെസ്റ്റിനേഷനാണങ്കിൽ 50 ദിവസം എടുക്കും. കൊളംബോയിലോ , ദുബായിലോ എത്തി, അവിടെ ഇറക്കി. പിന്നെ അവിടെനിന്ന് മറ്റൊരു വെസലില് ആ കണ്ടെയിനറ് ഡെസ്റ്റിനേഷനിലെത്തണം. അതേ ചെമ്മീൻ കണ്ടെയ്നർ വിഴിഞ്ഞത്ത് നിന്ന് അമേരിക്കയിലേക്ക് എത്താൻ വേണ്ട സമയം ജസ്റ്റ് 30-32 ദിവസങ്ങൾ ആണ്. നേരെ പകുതി. യൂറോപ്പിലേക്കാണെങ്കിൽ കേവലം ഇരുപത് അല്ലെങ്കിൽ 22 ദിവസം.പക്ഷെ ആ അഡ്വാന്റേജിനെ ഉപയോഗപ്പെടുത്താനുള്ള സൗകര്യവും വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വികസിപ്പിക്കാൻ കേരളത്തിന് കഴിയണം. വാസ്തവത്തിൽ കേരളത്തിന്റെ ഗോൾഡ് മൈനാണ് വിഴിഞ്ഞം. ഓപ്പർച്യൂണിറ്റികളുടെ സ്വർണ്ണഖനി!

മഞ്ചേശ്വരം മുതൽ ഇങ്ങോട്ട് കിടക്കുന്ന പതിനേഴോളം ചെറു തുറുമുഖങ്ങളെ വിഴിഞ്ഞത്തെ മദർ തുറമുഖവുമായി ബന്ധിപ്പിക്കണം. കേരളത്തിൽ നിന്ന് മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും വിഴിഞ്ഞത്തെ ചെറിയ തുറുമുഖത്തേക്ക് കണ്ടെയ്നറുകളുമായി ബാർജുകളെത്തും. അത് കേരളത്തിന്റെ കോസ്റ്റൽ ലൈനിലുണ്ടാക്കുന്ന സാമ്പത്തിക തിരയിളക്കം എന്തായിരിക്കും? ഇങ്ങനെ സജീവമാകുന്ന പോർട്ടിന് സ്വാഭാവികമായും അനിവാര്യമാകുന്ന മറ്റ് സംവിധാനങ്ങൾ താനേ വളരും. വെസ്സലുകളിൽ ഇന്ധനം നിറയ്ക്കുന്ന ബങ്കറിംഗ് സർവ്വീസുകൾ, ട്രയിലർ ലോറികൾ, ഏജന്റുമാർ, ഹോട്ടലുകൾ അങ്ങനെ എന്തെല്ലാം..
വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ചർച്ചകൾ കേരളം സജീവമാക്കുന്നുണ്ട് ഇപ്പോൾ. തുറമുഖത്തിന് അനുബന്ധമായി വ്യവസായ വികസനത്തിനു സർക്കാർ 300 ഏക്കർ സ്വകാര്യഭൂമി കണ്ടെത്തി എന്നാണ് അറിയുന്നത്. തുറമുഖത്തിന്റെ 20 കിലോമീറ്റർ പരിധിയിൽ അഞ്ചിടത്തായി കിൻഫ്ര വഴിയാണു ഭൂമി കണ്ടെത്തിയത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലായി 3000 ഏക്കർ കണ്ടെത്തി വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കേരളം ശ്രമിക്കുന്നു. അതും ഫാസ്റ്റ് ട്രാക്കായി. മറ്റൊരു നീക്കം വിഴിഞ്ഞം പോർട്ടിന് അനുബന്ധമായി ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കാൻ കൺസൾട്ടി ഏജൻസിയെ നിയോഗിക്കാനായി 1.8 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

അദാനി കോർപ്പറ്റാണ്. മുടക്കിയ പണം ട്രാൻഷിപ്മെന്റ് പോർട്ട് എന്ന ലേബലിൽ പത്തിരട്ടിയായി തിരിച്ചുപിടിക്കാൻ അവർക്കറിയാം. വിഴിഞ്ഞത്തിനായി എടുത്ത അധ്വാനവും പണവും കേരളം തിരിച്ചുിടിക്കേണ്ടത് നാടിന്റെ ആകെ വികസനമായിട്ടല്ലേ? തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാടും കർണ്ണാടകയും ആന്ധ്രയും തെലുങ്കാനയും ട്രില്യൺ ഡോളർ എക്കോണമിക്കായി മത്സരിക്കുമ്പോ, അത്ര ട്രില്യൺ ഒന്നും കിട്ടിയില്ലങ്കിലും ഇപ്പോ മുന്നിൽ വീണ് കിട്ടയിരിക്കുന്ന ഈ ഓപ്പർച്യൂണിറ്റി ഉണ്ടല്ലോ, മറ്റൊരു അയൽ സംസ്ഥാനത്തിനും സ്വപ്നം കാണാൻ പറ്റാത്ത സൗകര്യം, ഭൂമിശാസ്ത്രമപരമായി കിട്ടിയ വിഴിഞ്ഞം അഴിമുഖം എന്ന സൗഭാഗ്യം, അതിൽ ഇത്രനാൾകൊണ്ട് പണിതുണ്ടാക്കിയ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം എന്ന സൗലഭ്യം .. അതിനെ മുന്നിൽ നിർത്തി, വിഴിഞ്ഞത്തിന് ചുറ്റുമായി കെട്ടിഉയർത്താവുന്ന വികസനത്തിന്റേയും നേട്ടത്തിന്റേയും സൗഥമുണ്ട്. അതൊന്ന് ഏറ്റുപിടിക്കാൻ രാഷ്ട്രീയപാർട്ടികൾക്കേതെങ്കിലും ആവുമോ.
Vizhinjam International Port, officially commissioned in December 2024, is a game-changing gateway that connects Kerala directly to almost every continent. Unlike other Indian ports, Vizhinjam offers rare strategic advantages that could transform Kerala’s economy by boosting exports, attracting industries, and creating MSME clusters in sectors like seafood, cashew, spices, and agro-products. Its location cuts shipping time to the US and Europe by nearly half, making it a goldmine for global trade. But for this potential to become reality, Kerala must urgently develop supporting infrastructure such as container yards, processing hubs, and coastal connectivity. If used wisely, Vizhinjam can spark large-scale entrepreneurship, reverse migration, and position Kerala as a rival to Singapore in global commerce.