50 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് സ്വന്തമാക്കി കൊച്ചി വാട്ടർ മെട്രോ (Kochi Water Metro). പ്രവർത്തനം തുടങ്ങി 29 മാസം കൊണ്ടാണ് വാട്ടർ മെട്രോയുടെ ചരിത്രനേട്ടം. ചെറിയ ലൈറ്റ് ട്രൻസ്പോർട്ട് പ്രൊജക്റ്റ് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂർവമാണ്.
കഴിഞ്ഞ ദിവസം ഹൈക്കോർട്ട് ടെർമിനലിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഓസ്ട്രേലിയൻ മലയാളി ദമ്പതികളായ നൈന, അമൽ എന്നിവരാണ് വാട്ടർ മെട്രോയുടെ 50 ലക്ഷം ടിക്കറ്റെന്ന നേട്ടത്തിലെത്തിയവർ. ദമ്പതികൾക്ക് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉപഹാരം സമ്മാനിച്ചു.

ചുരുങ്ങിയ റൂട്ടിൽ സർവീസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടർ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്രാനുഭവം കാരണമാണെന്ന് ചടങ്ങിൽ ലോക്നാഥ് ബെഹ്റ പറഞ്ഞു. 2023 ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. സർവീസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാധാരണക്കാരുടെ മുതൽ കൊച്ചിയിലെത്തുന്ന വിവിഐപികളുടെ വരെ ആകർഷണ കേന്ദ്രമായി വാട്ടർമെട്രോ മാറി.