കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അമേരിക്കയിലെ അവസരങ്ങൾ വിശദീകരിച്ച് ന്യൂജേഴ്സി ഗവർണർ കേരള സ്റ്റാർട്ടപ്പ് മിഷനിൽ.
ന്യൂജേഴ്സി ഗവർണർ ഫിലിപ് മർഫി, ഫസ്റ്റ് ലേഡി ടാമി സ്നൈഡർ മർഫി, ചൂസ് ന്യൂജേഴ്സി (Choose New Jersey) പ്രതിനിധി സംഘം എന്നിവരാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ആസ്ഥാനം സന്ദർശിച്ചത്. സന്ദർശനത്തോട് അനുബന്ധിച്ച പരിപാടിയിൽ ഗവർണർ മർഫി വിവിധ സംരംഭക പ്രതിനിധികളുമായി സംസാരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി 12 നവീന സ്റ്റാർട്ടപ്പുകളുമായുള്ള സംവാദം, കുസാറ്റുമായുള്ള ഗവേഷണ സഹകരണ ചർച്ചകൾ എന്നിവയും നടന്നു.

ടെക്, ടെലികോം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിലെ ന്യൂജേഴ്സിയുടെ ഇന്നൊവേഷൻ ഇക്കോണമിയെക്കുറിച്ച് വിശദമായി സംസാരിച്ച ഫിലിപ് മർഫി ഇരു മേഖലകളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു.
എ.ഐ., ലൈഫ് സയൻസ്, ഫിൻടെക്, ഡിജിറ്റൽ മേഖലകൾ തുടങ്ങി വിവിധ മേഖലകളിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാൻ ന്യൂജേഴ്സിക്ക് താല്പര്യമുണ്ടെന്ന് അറിയിച്ചു.
സ്റ്റാർട്ടപ്പ് ആക്സലറേറ്ററുകളും നവീന ടെക്നോളജി കമ്പനികളും ഉൾപ്പെടുന്ന ഇന്നൊവേഷൻ ഇക്കോണമി ന്യൂജേഴ്സി ഏറെ ശ്രദ്ധിക്കുന്ന മേഖലയാണെന്ന് ഗവർണർ ഫിൽ മർഫി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 12 സ്ട്രാറ്റജിക് ഇന്നൊവേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് സാംസ്കാരത്തെ പുതുക്കലാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയും, പ്രത്യേകിച്ച് കേരളവും, ന്യൂജേഴ്സിയുമായി വളരെ സാദൃശ്യമുള്ള വിപണിയാണ്. ഇരുവിഭാഗങ്ങൾക്കും ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്. ഇത് ഔപചാരിക ബന്ധത്തിൽ കൊണ്ടുവരാമോ എന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാബ് ലാബിലും മേക്കർ വില്ലേജിലും സംഘം സന്ദർശനം നടത്തി. ചൂസ് ന്യൂജേഴ്സി സിഇഒ വെസ്ലി മാത്യൂസ്, ന്യൂജേഴ്സി ഇക്കണോമിക് ഡെവലപ്മെന്റ് അതോറിയിറ്റി സിഇഒ ടിം സള്ളിവൻ എന്നിവർ സംസാരിച്ചു. ലീഡ് – എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അസിസ്സ്റ്റന്റ് മാനേജർ എൻ.എം. നാസിഫ് സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.