ഒമാനുമായി ഇന്ത്യ ഉടൻ തന്നെ സ്വതന്ത്ര വ്യാപാര കരാർ (FTA) പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര രീതികളും, എഫ്ടിഎയിലൂടെ ഉണ്ടാകുന്ന മേഖലാ നേട്ടങ്ങളും അറിയാം.

2024-25ൽ ഇന്ത്യയും ഒമാനും തമ്മിലുള്ള മൊത്തം വ്യാപാരം 10.61 ബില്യൺ ഡോളറായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 18.6 ശതമാനം വളർച്ചയാണ് വ്യാപാരത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യ ഒമാനിൽ നിന്ന് 6.55 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു. അതേസമയം ഒമാനിലേക്കുള്ള കയറ്റുമതി 4.07 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏതാണ്ട് സ്ഥിരത പുലർത്തി. 2023 സാമ്പത്തിക വർഷത്തിൽ 4.48 ബില്യൺ ഡോളറിൽ നിന്നും 2024 സാമ്പത്തിക വർഷത്തിൽ 4.43 ബില്യൺ ഡോളറിൽ നിന്നും നേരിയ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഇറക്കുമതിയിൽ വർഷം തോറും ഏകദേശം 45 ശതമാനം വർധന രേഖപ്പെടുത്തി.
2025 സാമ്പത്തിക വർഷത്തിൽ ഒമാനിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതിയിൽ 1.43 ബില്യൺ ഡോളറിന്റെ പെട്രോളിയം ഉത്പന്നങ്ങൾ, 812.2 മില്യൺ ഡോളറിന്റെ എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, 428.6 മില്യൺ ഡോളറിന്റെ മൈക്ക, കൽക്കരി, 241.4 മില്യൺ ഡോളറിന്റെ രാസവസ്തുക്കൾ എന്നിവയായിരുന്നു മുന്നിൽ. ഒമാനിലേക്ക് തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ എന്നിവ പരിമിതമായ അളവിൽ കയറ്റി അയയ്ക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. യുഎസ്സിൽ നിന്നുള്ള ഉയർന്ന താരിഫുകളുടെ ആഘാതം നേരിടുന്ന ഈ തൊഴിൽ-സാന്ദ്രമായ ഉത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ വ്യാപാര കരാറിലൂടെ സാധിക്കും.
ഒമാനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ഇനമായ എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾക്ക് എഫ്ടിഎ ഉത്തേജനം നൽകും. ഉയർന്ന തീരുവകളുടെ ഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതിനാൽ ഓഗസ്റ്റ് മാസത്തിൽ യുഎസ്സിലേക്കുള്ള കയറ്റുമതി മുൻ മാസത്തെ അപേക്ഷിച്ച് 5.1 ശതമാനം കുറഞ്ഞ സാഹചര്യത്തിലാണിത്. ഇന്ത്യയിൽ നിന്നുള്ള 80 ശതമാനം ഉത്പന്നങ്ങളും ഒമാനിൽ ശരാശരി 5 ശതമാനം ഇറക്കുമതി തീരുവയ്ക്ക് വിധേയമാണ്. കൂടാതെ മാംസം, വൈൻ, പുകയില ഉത്പന്നങ്ങൾ പോലുള്ള ചില പ്രത്യേക ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവയും ചുമത്തിയിട്ടുണ്ട്.
മിനറൽ ഫ്യുവൽസും വളങ്ങളുമാണ് ഒമാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ കാര്യത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഒമാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത 6.55 ബില്യൺ ഡോളറിൽ 4.01 ബില്യൺ ഡോളർ മിനറൽ ഫ്യുവൽസും വളങ്ങളും ആയിരുന്നു. തൊട്ടുപിന്നാലെ 608.74 മില്യൺ ഡോളർ മൂല്യമുള്ള ജൈവ രാസവസ്തുക്കളും 219.24 മില്യൺ ഡോളർ മൂല്യമുള്ള പ്ലാസ്റ്റിക്കുകളും ഉൾപ്പെടുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ 2023 നവംബറിലാണ് ആരംഭിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) എന്നറിയപ്പെടുന്ന ഈ കരാറിനെക്കുറിച്ച് ഇരുപക്ഷവും അഞ്ച് റൗണ്ട് ചർച്ചകൾ നടത്തി. ഒമാനുമായുള്ള സിഇപിഎയ്ക്കുള്ള ചർച്ചകൾ പൂർത്തിയായതായി വാണിജ്യ, വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ 2025 ഓഗസ്റ്റ് മാസത്തിൽ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയും ഒമാനും വ്യാപാര കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി. ആഴ്ചകൾക്കുള്ളിൽ ഇത് സംഭവിക്കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഈ മാസം ആദ്യം സൂചിപ്പിച്ചു.
2022 ഫെബ്രുവരി 18ന് ഒപ്പുവെച്ചതും 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നതുമായ യുഎഇയുമായുള്ള ഇന്ത്യയുടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനു ശേഷമാണ് ഇപ്പോൾ രണ്ടാമത്തെ ഗൾഫ് രാഷ്ട്രവുമായുള്ള വ്യാപാര കരാറിൽ ശ്രമങ്ങൾ നടക്കുന്നത്. ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാറും ഒമാനുമായുള്ള കരാറും നിശ്ചയിച്ച മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ ഖത്തർ ഉൾപ്പെടെ ഗൾഫ് സഹകരണ കൗൺസിലിലെ (GCC) കൂടുതൽ അംഗങ്ങളുമായി സമാനമായ കരാറുകളിൽ ഒപ്പുവെക്കാനാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. യുഎസ് ഇറക്കുമതി തീരുവകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ, പരമ്പരാഗത ബയേർസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ത്യൻ കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിൽ ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാറും ജിസിസി രാജ്യങ്ങളുമായുള്ള അധിക കരാറുകളും നിർണായക പങ്ക് വഹിക്കും.
India and Oman are set to announce a free trade agreement (FTA) as their bilateral trade crosses $10.6 billion, boosting key sectors.