എഐ രംഗത്ത് മുന്നിൽ നിൽക്കാൻ ടെക് ഭീമൻമാരായ മെറ്റാ (Meta), മൈക്രോസോഫ്റ്റ് (Microsoft), ഗൂഗിൾ (Google), ആപ്പിൾ (Apple) തുടങ്ങിയവയെല്ലാം വൻ മത്സരത്തിലാണ്. എഐ ടീമുകൾക്കായി മികച്ച പ്രതിഭകളെ നിയമിക്കാൻ ഇത്തരം കമ്പനികൾ എത്ര തുക വേണമെങ്കിലും മുടക്കാനും തയ്യാറാണ്. അത്തരത്തിൽ മാർക്ക് സക്കർബർഗ് (Mark Zuckerberg) മെറ്റായിൽ എത്തിച്ച എഐ വിദഗ്ധനാണ് അലക്‌സാണ്ടർ വാങ് (Alexander Wang). 28കാരനായ അലക്സാണ്ടറിനെ എഐ ഓഫീസറായാണ് മെറ്റാ നിയമിച്ചത്.

കമ്പനിയുടെ സൂപ്പർഇന്റലിജൻസ് പ്രോഗ്രാമിന് ഉത്തേജനം നൽകുന്നതിനായാണ് ഈ വർഷം ആദ്യം മെറ്റാ അലക്സാണ്ടറെ നിയമിച്ചത്. അലക്സാണ്ടറിനെ മെറ്റായുടെ മുഴുവൻ എഐ പ്രവർത്തനങ്ങളുടെയും തലവനായി നിയമിച്ച സക്കർബർഗ് അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പ് 14.3 ബില്യൺ ഡോളറിന് ഏറ്റെടുക്കുകയും ചെയ്തു. നിലവിൽ മെറ്റായിലെ സൂപ്പർഇന്റലിജൻസ് പ്രോഗ്രാമിൽ എഐ വിദഗ്ധരുടെ ടീമിനെ നയിക്കുന്ന അലക്സാണ്ടർ മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് എന്ന പുതിയ സംഘടനയുടെ കീഴിൽ കമ്പനിയുടെ മറ്റ് എഐ ഉത്പന്നങ്ങളുടെയും ഗവേഷണ ടീമുകളുടെയും മേൽനോട്ടവും വഹിക്കുന്നു.
2016ൽ വെറും 19ആം വയസ്സിൽ എഐ സ്റ്റാർട്ടപ്പായ സ്കെയിൽ എഐയിലൂടെയാണ് (Scale AI) അലക്സാണ്ടർ വാങ് ശ്രദ്ധേയനായത്. അഡ്വാൻസ്ഡ് എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ ലേബൽ ചെയ്ത വമ്പൻ ഡാറ്റയാണ് സ്കെയിൽ എഐയുടെ സവിശേഷത. റോട്ടാസ്ക്സ് (Rotasks), ഔട്ട്‌ലയർ (Outlier) പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഗിഗ് തൊഴിലാളികളെ കൈകാര്യം ചെയ്തുകൊണ്ടാണ് സ്കെയിൽ ഇത് ചെയ്യുന്നത്.
ഇതോടെ വമ്പൻ ടെക് സ്ഥാപനങ്ങളുടെപോലും ശ്രദ്ധ പിടിച്ചുപറ്റാൻ സ്കെയിൽ എഐയ്ക്കും അലക്സാണ്ടറിനുമായി. ചൈനീസ് ശാസ്ത്രജ്ഞ ദമ്പതികളുടെ മകനായി ജനിച്ച അലക്സാണ്ടർ വളർന്നത് യുഎസ്സിലെ ന്യൂ മെക്സിക്കോയിലാണ്. എംഐടി പഠനം ഉപേക്ഷിച്ചാണ് അദ്ദേഹം സ്കെയിൽ എഐ ആരംഭിച്ചത്. തുടർന്ന് ഇരുപത് വയസ്സിനുള്ളിൽത്തന്നെ ബില്യണേറായ അദ്ദേഹം ഓപ്പൺഎഐയുടെ (OpenAI) സാം ആൾട്ട്മാൻ (Sam Altman), യുഎസ് നിയമനിർമാതാക്കൾ എന്നിവരുമായി ഉൾപ്പെടെ സിലിക്കൺ വാലിയിലും വാഷിംഗ്ടൺ ഡിസിയിലും ശക്തമായ ബന്ധങ്ങളും കെട്ടിപ്പടുത്തു.
meta hired 28-year-old ai prodigy alexandr wang as its ai chief and acquired his startup, scale ai, for $14.3 billion to lead its superintelligence program.