ഉത്തരാഖണ്ഡിൽ ഹോം സ്റ്റേയുമായി ഇന്ത്യൻ ആർമി. സംസ്ഥാനത്തെ കുമയോൺ സെക്ടറിലെ (Kumaon sector) ഗാർബ്യാങ്ങിലാണ് (Garbyang) ഇന്ത്യൻ സൈന്യം ടെന്റ് അധിഷ്ഠിത ഹോംസ്റ്റേ ആരംഭിച്ചിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കൂടിയായാണ് പദ്ധതി.

സമൂഹവികസനത്തിനൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപറഷേൻ സദ്ഭാവനയുടെ (Operation Sadbhavana) ഭാഗമായ പദ്ധതി ആരംഭിച്ചത്. ഉത്തരവാദിത്ത ടൂറിസവും പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ അതിർത്തി സമൂഹങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമുമായും (vibrant villages programme) യോജിച്ചാണ് പദ്ധതി.
ആദികൈലാസം (Adi Kailash), കാലാപാനി (Kalapani) എന്നീ പ്രധാന തീർത്ഥാടന പാതകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പ്രദേശവാസികളെ ഉൾക്കൊള്ളിച്ച് പരമ്പരാഗത രീതിയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രാദേശിക തൊഴിൽ-സാമ്പത്തിക അവസരങ്ങൾക്ക് പദ്ധതിയിലൂടെ പുതിയ വഴികൾ തുറക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രാമീണരെക്കൂടി ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനമാകും പദ്ധതിയുടേതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗാർബ്യാങ് വില്ലേജ് കമ്മിറ്റിയാണ് ബുക്കിംഗ് മേൽനോട്ടം വഹിക്കുന്നത്. ബുക്കിംഗിനായി, സന്ദർശകർക്ക് 9410734276, 7579811930 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് ഒരു രാത്രിക്ക് 1000 രൂപയാണ് നിരക്ക്.
the indian army launched a tent-based homestay in garbyang, uttarakhand, under operation sadbhavana to promote tourism and sustainable development in border villages.