വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയ മുത്തഖി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും.
അഫ്ഗാൻ വ്യാപാര, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പമാണ് മുത്തഖി ജയ്ശങ്കറുമായി ചർച്ച നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളിലും പ്രാദേശിക വിഷയങ്ങളിലും അദ്ദേഹവുമായി ചർച്ചനടത്തി. മുത്തഖിയുടെ സന്ദർശനം ഇന്ത്യ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു. മുത്തഖിയേയും പ്രതിനിധി സംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ സന്ദർശനം ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവെയ്പ്പാണ്. പഹൽഗാം ആക്രമണത്തിലും അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലും പരസ്പരം സംസാരിക്കാൻ അവസരങ്ങൾ ലഭിച്ചു. കാഴ്ചപ്പാടുകൾ മാറ്റുന്നതിലും താൽപര്യങ്ങൾ പങ്കിടുന്നതിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക മൂല്യമുണ്ട്. അഫ്ഗാൻ ജനതയുടെ അഭ്യുദയകാംക്ഷി എന്ന നിലയിൽ, വികസനത്തിലും പുരോഗതിയിലും ഇന്ത്യയ്ക്ക് വലിയ താൽപര്യമുണ്ട്-അദ്ദേഹം പറഞ്ഞു.

യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് മുത്തഖിയുടെ ഇന്ത്യാസന്ദർശനം സാധ്യമായത്. താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികൾ സന്ദർശനത്തോട് അനുബന്ധിച്ച് ചർച്ച ചെയ്യും. 2021ൽ അഫ്ഗാനിൽ അധികാരമേറ്റ ശേഷം ഉന്നത താലിബാൻ നേതാവിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. താലിബാൻ സർക്കാരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ഇന്ത്യൻ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ പാകിസ്താൻ അടക്കമുള്ള രാജ്യങ്ങൾ ചർച്ചയെ സസൂക്ഷ്മം നിരീക്ഷിക്കും. ജനുവരിയിൽ ദുബായിൽവെച്ച് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുമായി മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.
അധികാരമേറ്റയുടനെ പാകിസ്താനുമായുള്ള താലിബാന്റെ ബന്ധം വഷളാകുമെന്നും അതേസമയം കാബൂളിലെ പുതിയ സർക്കാരുമായി ഇന്ത്യ ബഹുമുഖ ബന്ധം സ്ഥാപിക്കുമെന്നും ഇസ്ലാമാബാദോ, ഡൽഹിയോ താലിബാനോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. താലിബാൻ അധികാരത്തിൽ നിന്ന് പുറത്താക്കിയ പാശ്ചാത്യ പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനെ ഡൽഹി പിന്തുണച്ചിരുന്നു, ഈ സന്ദർശനം ഇരുവശത്തുമുള്ള പ്രായോഗികതയും യഥാർത്ഥ രാഷ്ട്രീയവും പ്രകടമാക്കുന്നതാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നയതന്ത്ര, രാഷ്ട്രീയ, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സന്ദർശനം വഴിവെയ്ക്കുമെന്നാണ് വിലയിരുത്തൽ.
അഫ്ഗാനിസ്ഥാന്റെ യഥാർത്ഥ ഭരണാധികാരികളെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, താലിബാനുമായി ഏതെങ്കിലും തരത്തിലുള്ള നയതന്ത്രപരമോ അനൗപചാരികമോ ആയ ബന്ധം നിലനിർത്തുന്ന നിരവധി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്താനിലേക്ക് മാനുഷിക സഹായം അയയ്ക്കുക എന്ന ദൗത്യവും ഇന്ത്യയ്ക്കുണ്ട്.
afghan foreign minister amir khan muttaqi met with s. jaishankar and ajit doval in india. this is the first high-level taliban visit since 2021 takeover.