തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ (María Corina Machado). ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് ട്രംപ് ഒപ്പം നിന്നെന്നു വ്യക്തമാക്കിക്കൊണ്ടാണ് മരിയ കൊറീന പുരസ്കാരം ട്രംപിന് സമർപ്പിച്ചത്. വെനസ്വേലൻ ജനതയുടെ പോരാട്ടത്തിനുള്ള അംഗീകാരമാണ് ഇതെന്നും അവർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വെനസ്വേലയിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് കരുത്തുപകർന്നുകൊണ്ടാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരിയ കൊറീന മച്ചാഡോയെ തേടിയെത്തിയിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിച്ച് ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനത്തിനായി നിലകൊണ്ടതിനാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊറീന മച്ചാഡോയ്ക്ക് സമാധാന നൊബേൽ ലഭിച്ചത്.
1967 ഒക്ടോബർ ഏഴിന് വെനസ്വേലൻ തലസ്ഥാനമായ കാരാക്കസിൽ (Caracas) ജനിച്ച മരിയ ആൻഡ്രസ് ബെല്ലോ കാത്തലിക് യൂണിവേർസിറ്റിയിൽ (Universidad Católica Andrés Bello) നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് കാരാക്കസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സൂപ്പരോറസ് ഡി അഡ്മിനിസ്ട്രേഷനിൽ (Instituto de Estudios Superiores de Administración) നിന്ന് ഫിനാൻസിൽ മാസ്റ്റർ ബിരുദവും സ്വന്തമാക്കി.
2002ൽ സൂമാത്തെ (Súmate) എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് മച്ചാഡോയുടെ രാഷ്ട്രീയപ്രവേശം. ജനാധിപത്യപരമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, തിരഞ്ഞെടുപ്പ് നിരീക്ഷണം നടത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. 2013ൽ അവർ ലിബറൽ രാഷ്ട്രീയ പാർട്ടിയായ വെൻറേ (Vente Venezuela) സ്ഥാപിച്ചു. ഹ്യൂഗോ ഷാവേസ്, നിക്കോളാസ് മഡുറോ ഭരണകൂടങ്ങളുടെ ശക്തയായ വിമർശകയായി പ്രവർത്തിച്ച അവർ 2011ൽ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സർക്കാർ അതിക്രമങ്ങൾക്കെതിരായ ശക്തമായ നിലപാടുകളും അഴിമതികൾ തുറന്നുകാട്ടാനുള്ള ശ്രമങ്ങളിലൂടെയും അവർ ശ്രദ്ധേയയായി. 2014ലെ വെനസ്വേലൻ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തത്തെ തുടർന്ന് മരിയ ദേശീയ അസംബ്ലിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഒൻപതു വർഷങ്ങൾക്കു ശേഷം 2023ലെ പ്രതിപക്ഷ പ്രൈമറികളിൽ 92 ശതമാനത്തിലധികം വോട്ടുകൾ നേടി മച്ചാഡോ നിർണായക വിജയം നേടി. പക്ഷേ 2024ലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വെനസ്വേലൻ സർക്കാർ മരിയയെ അയോഗ്യയാക്കി. പതറാതെ മുന്നോട്ട് പോയ വെനസ്വേലയുടെ ജനാധിപത്യ ശക്തികളെ ഏകീകരിച്ചു മുന്നോട്ടു പോയി.
venezuelan opposition leader maría corina machado dedicates her nobel peace prize to donald trump for supporting democracy against coup attempts.