ആന്ധ്രാപ്രദേശിൽ 1 ജിഗാവാട്ട് ഡാറ്റാ സെന്റർ ക്ലസ്റ്റർ (Data center cluster) സ്ഥാപിക്കാൻ ആഗോള ടെക് ഭീമനായ ഗൂഗിൾ (Google). വിശാഖപട്ടണത്ത് സ്ഥാപിക്കുന്ന ക്ലസ്റ്ററിനായി 10 ബില്യൺ ഡോളറാണ് ഗൂഗിൾ മുടക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഗൂഗിളിന്റെ എക്കാലത്തെയും വലിയ നേരിട്ടുള്ള നിക്ഷേപമായി പദ്ധതി മാറുമെന്നാണ് വിലയിരുത്തൽ.

കരാറിന്റെ വിശദാംശങ്ങൾ ഗൂഗിളിന്റെ ഉന്നത എക്സിക്യൂട്ടീവുകളും ആന്ധ്രാപ്രദേശ് ഐടി, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷും തമ്മിൽ ഡൽഹിയിൽ വെച്ച് അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് നിക്ഷേപ നിർദേശത്തിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വിശാഖപട്ടണം ജില്ലയിൽ മൂന്ന് ഡാറ്റാ സെന്റർ കാമ്പസുകൾ ഉൾപ്പെടുന്നതായിരിക്കും ഈ സൗകര്യം. 2028 ജൂലൈ മാസത്തോടെ ഈ കാമ്പസുകൾ പ്രവർത്തനക്ഷമമാകും. നിലവിൽ, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവ ചേർന്ന് ഇന്ത്യയുടെ ഡാറ്റാ സെന്റർ ഡിമാൻഡിന്റെ ഏകദേശം 30% വഹിക്കുന്നു.
google plans to invest $10 billion to set up a 1 gw data center cluster in visakhapatnam, andhra pradesh, marking its largest direct investment in india.
