മാപ്പ്മൈഇന്ത്യ (MapmyIndia) വികസിപ്പിച്ച തദ്ദേശീയ നാവിഗേഷൻ ആപ്പായ മാപ്പ്ൾസുമായി (Mappls) സഹകരിക്കാൻ ഇന്ത്യൻ റെയിൽവേ. ഡിജിറ്റൽ മാപ്പിങ്, ജിയോസ്പേഷ്യൽ ടെക് കമ്പനിയായ മാപ്പ്മൈഇന്ത്യയുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേയുടെ വിവിധ ആപ്ലിക്കേഷനുകളിൽ മാപ്പ്ൾസിന്റെ സാങ്കേതികവിദ്യ സംയോജിപ്പിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. നാവിഗേഷൻ, ജിയോസ്പേഷ്യൽ സർവീസുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗൂഗിൾ മാപ്പ് പോലുള്ള ആഗോള സേവനങ്ങൾക്ക് പകരം രാജ്യത്തെ സ്വന്തം ഡിജിറ്റൽ സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.

ആപ്പിന്റെ 3D ജംഗ്ഷൻ വ്യൂസ്, റിയൽ-ടൈം ട്രാഫിക് അലേർട്ടുകൾ തുടങ്ങിയ സവിശേഷതകളെ മന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ വികസിത ആപ്ലിക്കേഷനുകൾ പിന്തുണയ്ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു, മാപ്പ്മൈഇന്ത്യയുടെ പുതിയ നാവിഗേഷൻ ആപ്പായ മാപ്പ്ൾസിനെ പ്രശംസിച്ചു. ആപ്പിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഗൂഗിൾ മാപ്സിനേക്കാൾ വളരെ ദൈർഘ്യമേറിയ ഗവേഷണ വികസനത്തെ പ്രതിഫലിപ്പിക്കുന്നതാണ് മാപ്പ്ൾസ് എന്നും ചൂണ്ടിക്കാട്ടി. ഒപ്പം അദ്ദേഹം മാപ്പ്മൈഇന്ത്യ സിഇഒ രോഹൻ വർമ്മയ്ക്കും ടീമിനും ആശംസകൾ നേർന്നു.
indian railways to collaborate with mapmyindia’s mappls app, promoting indigenous digital solutions. zoho co-founder shridhar vembu lauded mappls as the best.
