പാപ്പരാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷ വിജയ് മല്യ പിൻവലിച്ചു. അതായത് പാപ്പരാണെന്ന ഉത്തരവിൽ മല്യയ്ക്ക് ഇനി എതിരഭിപ്രായമില്ല. ഇതിനർത്ഥം, വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് നൽകേണ്ട ഏകദേശം 1.05 ബില്യൺ പൗണ്ടിന്റെ ബാധ്യത തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ബാങ്കുകളുടെ ട്രസ്റ്റിക്ക് മുന്നോട്ട് പോകാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നയിക്കുന്ന രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിയാണ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടുക. ഇതോടൊപ്പം പ്രവർത്തനം നിർത്തിയ കിംഗ്ഫിഷർ എയർലൈൻസ് സംബന്ധിച്ച ഏകദേശം 1.05 ബില്യൺ പൗണ്ട് (₹11,000 കോടി രൂപ) കുടിശ്ശിക ഈടാക്കാനും ബന്ധപ്പെട്ടവർക്ക് സാധിക്കും.

മല്യയുടെ നീക്കത്തോടെ എതിർ ഹർജികൊണ്ട് ഉണ്ടാകാവുന്ന തടസ്സങ്ങളില്ലാതെ ട്രസ്റ്റിക്ക് ആസ്തികൾ അന്വേഷിക്കാനും വീണ്ടെടുക്കാനുമുള്ള നടപടികൾ തുടർന്നു നടത്താൻ കഴിയുമെന്ന് ഇന്ത്യൻ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന യുകെ നിയമസ്ഥാപനമായ TLT LLP പറഞ്ഞു.
2017ൽ ഇന്ത്യയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ (DRT) നൽകിയ വിധിയെ അടിസ്ഥാനമാക്കിയാണ് 2021 ജൂലൈ 26ന് യുകെ ഹൈക്കോടതി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ചത്. ഇത് റദ്ദാക്കാനായി മല്യ നൽകിയ ഹർജിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇന്ത്യയിലെ കേസുകൾ പുരോഗമിക്കാതിരിക്കുന്നതാണ് യുകെ കോടതിയിലെ ഹർജി പിൻവലിക്കുന്നതിന് പ്രധാന കാരണമായത്.
അതേസമയം തന്റെ ആസ്തികളിൽ നിന്ന് തിരിച്ചുപിടിച്ച തുകയുടെ വിശദാംശങ്ങൾ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ മറച്ചുവെച്ചതായി ആരോപിച്ച് മല്യ വിമർശനം ഉന്നയിച്ചു. തിരിച്ചുപിടിച്ച തുകയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടും പൂർണമായ കണക്ക് ഹാജരാക്കാത്തതിൽ ബാങ്കുകൾ ലജ്ജിക്കണമെന്ന് മല്യ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ പോസ്റ്റിൽ, ” 14100 കോടി രൂപ അതേ ബാങ്കുകളിലേക്ക് തിരിച്ചുപിടിച്ചതായി കേന്ദ്ര ധനമന്ത്രി വ്യക്തമായി പറഞ്ഞിട്ടും , തിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്ക് ഇതുവരെ സമർപ്പിച്ചിട്ടില്ലാത്തതിൽ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ ലജ്ജിക്കണമെന്ന്” മല്യ കുറിച്ചു.
vijay mallya withdrew his plea to annul the uk bankruptcy order, allowing banks to proceed with recovery of the $1.05 billion kingfisher debt.
