പാം ജുമൈറക്ക് മുകളിലൂടെ സ്കൈഡൈവിംഗ് നടത്തി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയ്ഖ് ഹംദാൻ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സ്കൈ ഡൈവ് ദുബായിയെ ടാഗ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഷെയ്ഖ് ഹംദാൻ ടീം അംഗങ്ങളോടൊപ്പം വിമാനത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കാണാം. തുടർന്ന് വായുവിൽ അഭ്യാസങ്ങൾ കാണിക്കുന്നതും പാരച്യൂട്ട് നിയന്ത്രിക്കുന്നതും സുരക്ഷിതമായി ലാൻഡിംഗ് നടത്തുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ആദ്യ മണിക്കൂറിൽത്തന്നെ 10 ലക്ഷത്തിലധികം വ്യൂവ്സാണ് ലഭിച്ചത്.

സാഹസിക വിനോദങ്ങൾ കൊണ്ട് ഷെയ്ഖ് ഹംദാൻ നിരവധി തവണ ശ്രദ്ധ നേടിയിട്ടുണ്ട്. സ്കൈഡൈവിംഗ്, ഹെലികോപ്റ്റർ പറത്തൽ, ഹൈക്കിങ്, സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങളിൽ തത്പരനായ അദ്ദേഹം സ്ഥിരമായി തന്റെ ഇഷ്ടവിനോദങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. 17.1 മില്യൺ ഫോളോവേർസാണ് ഷെയ്ഖ് ഹംദാന് ഇൻസ്റ്റാഗ്രാമിലുള്ളത്.
Dubai crown prince sheikh hamdan shared a thrilling video of him skydiving over palm jumeirah, which gained over a million views in the first hour.