സംരംഭക വർഷത്തിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് കേരളത്തിൽ ഉടൻ വരും.കേരള ചരിത്രത്തിലാദ്യമായാണ് വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നത്.പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും

കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ സംരംഭകർക്ക് മാത്രമായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഈ നീക്കത്തിലൂടെ സ്ത്രീസംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.
കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിളും ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും. കൂടാതെ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശ എക്സിബിഷനുകളിൽ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായവും വ്യവസായ വകുപ്പ് നൽകുന്നുണ്ട്. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകും.
കെ-സ്റ്റോറുകൾ വഴി വനിതകളടക്കമുള്ള സംരംഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള കരാറിൽ പൊതുവിതരണവകുപ്പുമായി ഒപ്പുവെച്ചിട്ടുണ്ട്. 1000 സംരംഭങ്ങളെ ശരാശരി നൂറുകോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ 1000’ പദ്ധതിയുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണ്. ഇതിനോടകം 444 സംരംഭങ്ങളെ പദ്ധതിക്കായി തിരഞ്ഞെടുത്തു. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിനായി ‘ മിഷൻ 10000’ പദ്ധതിയും മുന്നോട്ടു വയ്ക്കുന്നു എന്നും വ്യവസായ മന്ത്രി അറിയിച്ചു .