സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ ഫണ്ട് (PM’s Schools for Rising India) നടപ്പിലാക്കുന്നതിനുള്ള കരാറിൽ ഒപ്പുവെയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) സംസ്ഥാനം എതിർക്കുന്നുണ്ടെങ്കിലും പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നത് കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ ഫണ്ട് നേടാൻ സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ ഫണ്ടുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിൽ നിന്ന് കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതിനാൽ കേരളമടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയെ എതിർത്തിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. കേരളം, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയിൽ കേരളം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണ് കേരളം വഴങ്ങുന്നത്.
കേരളം വഴി നടപ്പാക്കുന്ന മിക്ക കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളും ഇതുകാരണം പ്രതിസന്ധിയിലാണ്. ഈ നില തുടർന്നാൽ വിദ്യാഭ്യാസ പദ്ധതികൾ കൂടുതൽ അവതാളത്തിലാകുമെന്നു വന്നതോടെയാണ് കേരളത്തിന്റെ മനം മാറ്റം. 2024-25ൽ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾക്കു കേന്ദ്രവിഹിതമായി 3757.89 കോടി രൂപ അനുവദിച്ചിരുന്നു. കേരളം പദ്ധതിയിൽ പങ്കാളിയായാൽ 168 ബിആർസികളിലായി പരമാവധി 336 സ്കൂളുകൾക്ക് ഗുണം ലഭിക്കുമെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഈ സ്കൂളുകൾക്കു പ്രതിവർഷം 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ പദ്ധതികൾക്കു ലഭിക്കുമെന്നും ഇതിൽ 60% കേന്ദ്രവിഹിതവും 40% സംസ്ഥാനവിഹിതവുമാണെന്നും റിപ്പോർട്ട് ചുണ്ടിക്കാണിക്കുന്നു.
സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടാൽ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ സ്കൂളുകൾക്കും അപേക്ഷിക്കാം. സംസ്ഥാനതല സമിതിയാണ് സ്കൂളുകളെ തിരഞ്ഞെടുക്കുക. നഗരപ്രദേശങ്ങളിലെ സ്കൂളുകൾ കുറഞ്ഞത് 70 ശതമാനം മാനദണ്ഡങ്ങളും ഗ്രാമമേഖലയിലെ സ്കൂളുകൾ 60 ശതമാനം സ്കോറും നേടണം. സർക്കാർ സ്കൂളുകൾക്കുള്ള പദ്ധതിയാണിത്. സംസ്ഥാനത്ത് കേന്ദ്രീയ വിദ്യാലയങ്ങളടക്കമുളള കേന്ദ്ര സർക്കാർ സ്കൂളുകളിൽ ഇതിനകം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്കൂളുകളുടെ ഗുണനിലവാരം വർധിപ്പിക്കുക, നവീകരണ പദ്ധതികൾ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങളിൽ പ്രധാനം-റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പിഎം ശ്രീ ഫണ്ട് കേരളത്തിലെ ജനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിനിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന് ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ടെന്നും അതിൽ ഉൗന്നികൊണ്ടാകും ഫണ്ട് വിനിയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഫണ്ടാണെങ്കിലും രാജ്യത്തെ എല്ലാവർക്കും അവകാശപ്പെട്ടതാണ്. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് അവർ ആലോചിച്ചു കൊണ്ടിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളയ്ക്ക് കേന്ദ്രത്തിൽനിന്ന് 1466 കോടി രൂപ കിട്ടാനുണ്ട്. കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് മാറ്റപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
kerala govt decides to sign pm shri school fund deal despite neps concerns, aiming for up to ₹1 crore for 336 schools’ infrastructure development.