ബിസിനസ് സോഫ്റ്റ് വെയറുകൾക്ക് പേരുകേട്ട കമ്പനിയായ സോഹോ കോർപറേഷൻ (Zoho Corporation) ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് കടന്നുവരുന്നു. സോഹോ പേ (Zoho Pay) എന്ന മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബിസിനസ് സൊല്യൂഷനുകൾക്കായി കമ്പനിയുടെ സോഹോ പേയ്മെന്റ്സ് എന്ന പേയ്മെന്റ് ഗേറ്റ്വേ നിലവിൽ ലഭ്യമാണ്. ഇപ്പോൾ സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി സോഹോ പേയുമായി എത്തുന്നത്.

ഉപയോക്താക്കൾക്ക് പണം സ്വീകരിക്കുന്നതിനും നൽകുന്നതിനും ഏകീകൃത ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വതന്ത്ര ആപ്പായും മെസേജിംഗ് പ്ലാറ്റ്ഫോമായ അറട്ടൈയിലും സോഹോ പേ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. സംരംഭകർക്ക് വേണ്ടി പിഓഎസ് ഉപകരണങ്ങൾ, ക്യൂആർ കോഡ് ഡിവൈസുകൾ, പേഔട്ട് സൗകര്യങ്ങൾ തുടങ്ങിയവ സോഹോ പുറത്തിറക്കി. ഉപയോക്താക്കൾക്ക് അറട്ടൈയിലെ ചാറ്റ് ഇന്റർഫേസ് വിടാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. വ്യാപാരികൾക്ക് ബില്ലിംഗ്, പണമിടപാട്, അക്കൗണ്ടിംഗ് എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ കൈകാര്യം ചെയ്യാനും സോഹോ സഹായിക്കും.
തദ്ദേശീയ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു, പുതിയ സംരംഭത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്താനാണ് ലക്ഷ്യമിടുന്നത്. സോഹോ പേ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് കാര്യക്ഷമമായ പേയ്മെന്റ് സംവിധാനം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. സോഹോ ജനകീയമായ യുപിഐ സംവിധാനം ഉൾപ്പെടുത്തി ഉപഭോക്തൃ പേയ്മെന്റ് ആപ്ലിക്കേഷൻ രംഗത്തേക്ക് വരുന്നത് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ വൻകിട കമ്പനികൾക്ക് വെല്ലുവിളിയുയർത്തുമെന്നാണ് വിലയിരുത്തൽ.
zoho corporation, led by sridhar vembu, launches zoho pay, a mobile payment app for unified transactions, aiming to disrupt the digital payments sector in india.