കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (CSL) ഉഷസ്സ് മാരിടൈം ഇന്നൊവേഷൻ പദ്ധതിയുടെ (USHUS Maritime Innovation Scheme) 75 ലക്ഷം രൂപയുടെ ഗ്രാന്റ് നേടി കെഎസ് യുഎമ്മിൽ ഇൻകുബേറ്റ് ചെയ്ത ഡീപ്-ടെക് കാലാവസ്ഥാ സ്റ്റാർട്ടപ്പ് നീയോക്സ് ഇക്കോ സൈക്കിൾ (Neiox Eco Cycle). കപ്പലുകളുടെ അടിത്തട്ട് തുരുമ്പെടുക്കാതിരിക്കാനുള്ള നോൺ-ടോക്സിക് പദാർഥം വികസിപ്പിക്കുന്നതിനായാണ് ധനസഹായം ഉപയോഗിക്കുക.

കപ്പലിന്റെ അടിത്തട്ട് തുരുമ്പെടുക്കുന്നതിനെ പ്രതിരോധിക്കാൻ നിലവിൽ ഉപയോഗിക്കുന്ന വസ്തുക്കളിലെ വിഷാംശം പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്നതാണ്. പുതിയ കോട്ടിംഗ് വഴി കപ്പലുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കുമെന്ന് നിയോക്സ് സ്ഥാപകനും സിഇഒയുമായ അഖിൽ രാജ് പൊട്ടേക്കാട്ട് പറഞ്ഞു. ആഗോള തലത്തിൽ മാതൃകാപരമായ നേട്ടമാണിത്. കൊച്ചിൻ ഷിപ്പ്യാർഡുമായുള്ള സഹകരണം സുസ്ഥിര കപ്പൽ നിർമാണ മേഖലയിൽ കേരളത്തിന്റെ നേതൃപാടവത്തെയും പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങളും ആരോഗ്യകരമായ പൊതുസമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയും ദൃശ്യമാക്കുന്നു. കാർബൺ-നെഗറ്റീവ് കോട്ടിംഗ് സാങ്കേതികവിദ്യ വാണിജ്യവൽക്കരിക്കാനാണ് നിയോക്സ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മറൈൻ ടെക് നവീകരണത്തിൽ കേരളവും ഇന്ത്യയും ആഗോള നേതൃനിരയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരവും കോഴിക്കോട് എൻഐടി ടിബിഐ, ലൈവ് ഐഐഎം കോഴിക്കോട് എന്നിവയുടെ പിന്തുണയും നീയോക്സ് ഇക്കോ സൈക്കിളിനുണ്ട്. കാലാവസ്ഥാ പ്രവർത്തനം, പൊതുജനാരോഗ്യ നവീകരണം, സുസ്ഥിര വ്യാവസായിക പരിവർത്തനം എന്നിവയിൽ മുൻനിരയിലാണ് നിയോക്സ്. സഹ-സ്ഥാപകയും വൈസ് പ്രസിഡന്റുമായ ഹേമലത രാമചന്ദ്രൻ (കെൽട്രോണിന്റെ മുൻ മാനേജിങ് ഡയറക്ടർ), സഹ-സ്ഥാപകനും സിടിഓയുമായ ഡോ. സജിത് വി (എൻഐടി കോഴിക്കോട് മെറ്റീരിയൽ സയൻസ് എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫസറും മേധാവിയും), സഹ-സ്ഥാപകയും സിഓഓയുമായ വി. ഏകതാ (എൻഐടി കോഴിക്കോട് റിസർച്ച് സ്കോളർ) എന്നിവരടങ്ങുന്നതാണ് നിയോക്സ് ഇക്കോ സൈക്കിൾ നേതൃനിര.
ഐഐഎം കോഴിക്കോട് കാമ്പസിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക കരാർ ഒപ്പിടുകയും ചെക്ക് കൈമാറുകയും ചെയ്തു. ഐഐഎം കോഴിക്കോട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശുതോഷ് സർക്കാർ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ) കെ. ആർ. അഞ്ജന, സീനിയർ മാനേജർ കൃഷ്ണ പ്രസാദ്, ലൈവ് ഐഐഎം കോഴിക്കോട് സീനിയർ ജനറൽ മാനേജർ ലിജോ പി. ജോസ്, അസിസ്റ്റന്റ് മാനേജർ ഡോ. ജിയോ പി. ജോസ്, മാനേജർ – പ്രോഗ്രാംസ് ആന്റ് പ്ലാറ്റ്ഫോംസ് ടിറ്റു എം. ജോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
kerala startup neiox eco cycle secures a ₹75 lakh grant from cochin shipyard for developing a non-toxic anti-fouling coating to boost ship fuel efficiency.
