പൊതുജനങ്ങൾക്ക് വേണ്ട സേവനം നൽകാനും അവരെ സഹായിക്കാനുമായി എഐ മന്ത്രിയെ അവതരിപ്പിച്ച് അൽബേനിയ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ പൊതു സംഭരണ സംവിധാനം സുതാര്യമാക്കാനും അഴിമതിമുക്തമാക്കാനുമാണ് സെപ്റ്റംബർ മാസത്തിൽ എഐ മന്ത്രിയായി ഡിയെല്ലയെ (Diella) നിയമിച്ചത്. ഇപ്പോൾ എഐ മന്ത്രിയെക്കുറിച്ചുള്ള മറ്റൊരു പരാമർശമാണ് ശ്രദ്ധനേടുന്നത്. എഐ മന്ത്രി ഗർഭിണിയാണെന്നും 83 കുഞ്ഞുങ്ങളെ ഗർഭം ധരിച്ചെന്നുമുള്ള വിചിത്രവാദവുമായി എത്തിയിരിക്കുന്നത് അൽബേനിയയുടെ പ്രധാനമന്ത്രി എഡി റാമ (Edi Rama) തന്നെയാണ്.

സോഷ്യലിസ്റ്റ് പാർട്ടിക്ക് അൽബേനിയൻ പാർലമെന്റിൽ 83 അംഗങ്ങളാണുള്ളത്. ഓരോ പാർലമെന്റ് അംഗത്തിനും ഓരോ സഹായികളെ സൃഷ്ടിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ‘83 കുട്ടികൾ’ എന്നതിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്. ഡിയെല്ലയെ എഐ മന്ത്രിയാക്കിയതിലൂടെ പല കാര്യങ്ങളും മനോഹരമായി നടപ്പാക്കാൻ കഴിഞ്ഞതായും അതിനാൽ 83 കുട്ടികളെ കൂടി സൃഷ്ടിക്കാൻ പദ്ധതിയിടുന്നെന്നും റാമ പറഞ്ഞു. ഈ സഹായികൾ പാർലമെന്റിൽ നടക്കുന്നതെല്ലാം രേഖപ്പെടുത്തുത്തന്നതിനൊപ്പം ചർച്ചകളോ പ്രതിനിധികൾക്ക് നഷ്ടമാകുന്ന സംഭവങ്ങളോ സംബന്ധിച്ച് നിയമനിർമാതാക്കളെ അറിയിക്കുകയും ചെയ്യും. കുട്ടികൾക്കെല്ലാം അവരുടെ അമ്മ ഡിയെല്ലയുടെ അറിവുമുണ്ടാകും. 2026 അവസാനത്തോടെ ഈ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മനുഷ്യനല്ലാത്ത സർക്കാർ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അൽബേനിയ. ഡിയെല്ല അൽബേനിയൻ പൗരൻമാർക്ക് സർക്കാർ രേഖകൾ കൈമാറുന്നതും ബിസിനസുകൾക്ക് സഹായം നൽകുന്നതുമുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നു. എഐ-നിർമിത മന്ത്രിയെ പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ച സ്ത്രീയായാണ് ചിത്രീകരിച്ചിരിക്കുന്നത്. പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനും ഡിയെല്ലയ്ക്ക് സുപ്രധാന ചുമതലയുണ്ട്.
Albania’s AI Minister Diella to create 83 digital assistants for MPs, boosting transparency and digital governance, says PM Edi Rama.