ഇന്ത്യൻ വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിക്കാനുള്ള ചർച്ചകളുമായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA). കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിൽ നിന്നും തീ ഉയർന്നതിനെ തുടർന്നാണ് നീക്കം.

സംഭവത്തിൽ കാബിൻ ക്രൂവിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വൻ അപകടം ഒഴിവായത്. എന്നാൽ, യാത്രക്കാരുടെ പക്കലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് തീ പടരാനുള്ള സാധ്യതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായേക്കാമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വിമാനങ്ങളിൽ പവർബാങ്കുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനുള്ള പരിശോധനകൾ ഡിജിസിഎ ആരംഭിച്ചിരുന്നു.
ഇത്തരം അപകടസാധ്യതകൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ യാത്രക്കാർക്കും ജീവനക്കാർക്കും കഴിഞ്ഞില്ലെങ്കിൽ പവർ ബാങ്ക് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡിസിജിഐ തീരുമാനം. വിമാനങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയോ അത്തരം ഉപകരണങ്ങൾ കൊണ്ട് വരുന്നത് പൂർണമായും നിരോധിക്കുകയോ ചെയ്യണമെന്ന് ഡിജിസിഎ നിർദേശം നൽകി. സിവിൽ ഏവിയേഷൻ മന്ത്രാലയവും (MOCA) ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ നടപടികൾ നിർണയിക്കാനായി രണ്ട് ഏജൻസികളും ആലോചനകൾ തുടരുകയാണ്.
എമിറേറ്റ്സ് എയർലൈൻസ് ഒക്ടോബർ മാസത്തിൽ എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾ കൈവശം വെയ്ക്കാൻ മാത്രമേ യാത്രക്കാർക്ക് അനുവാദമുള്ളൂ. കൂടാതെ അവ ചാർജ് ചെയ്യുന്നതും അതുപയോഗിച്ച് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതും അടക്കമുള്ളവയ്ക്ക് കർശന നരോധനമുണ്ട്.
After a fire incident on an Indigo flight, DGCA is considering banning power banks onboard Indian aircraft to enhance passenger safety.
