ഡൽഹി ഉൾപ്പെടെ 10 ഇന്ത്യൻ നഗരങ്ങളിൽ വായുവിലെ പിഎം10 കണികാ സാന്ദ്രതയിൽ ഘനലോഹങ്ങളുടെ ഗണ്യമായ സാന്നിധ്യം. 0.1% മുതൽ 2.1% വരെ അളവിൽ കോപ്പർ, സിങ്ക്, ക്രോമിയം, മോളിബ്ഡിനം തുടങ്ങിയ ഘനലോഹങ്ങളാണ് കണ്ടെത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ദേശീയ ഹരിത ട്രൈബ്യൂണലിനെയാണ് (NGT) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡൽഹിക്കു പുറമേ ജയ്പൂർ, ഭോപ്പാൽ, ലഖ്നൗ, അഹമ്മദാബാദ്, നാഗ്പൂർ, കൊൽക്കത്ത, ബെംഗളൂരു, വിശാഖപട്ടണം, ചെന്നൈ എന്നിവയാണ് മറ്റ് ഒമ്പത് നഗരങ്ങൾ.

ഈ ജൂൺ, ജൂലൈ മാസങ്ങളിൽ പിതാംപുര, സിരി ഫോർട്ട്, ജനക്പുരി, ഷാഹ്ദര എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിയുടെ സാമ്പിളുകൾ ശേഖരിച്ചത്. കഴിഞ്ഞ വർഷം, ദേശീയ മാധ്യമത്തിൽ വന്ന റിപ്പോർട്ട് എൻജിടി സ്വമേധയാ പരിഗണിക്കുകയും ഡാറ്റ വിശകലനം ചെയ്ത് ഫലങ്ങൾ പങ്കിടാൻ സിപിസിബിയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ ലോഹങ്ങൾ അന്തരീക്ഷ വായുവിലെ കണികാ ദ്രവ്യവുമായി ചേർന്ന് കാണപ്പെടുന്നതായി ഫലങ്ങൾ സൂചിപ്പിക്കുന്നു.
നിരീക്ഷണ കാലയളവിൽ ഡൽഹിയിൽ ശരാശരി പിഎം10 സാന്ദ്രത ഒരു ക്യൂബിക് മീറ്ററിന് 130 മൈക്രോഗ്രാം ആയിരുന്നു. ചെമ്പ് ഒരു ക്യൂബിക് മീറ്ററിന് 55.13 നാനോഗ്രാം (ng/m3), ക്രോമിയം (12.25 ng/m3), മോളിബ്ഡിനം (0.91 ng/m3), സിങ്ക് (243.5 ng/m3) എന്നിങ്ങനെയാണ് അളവ്. കിഴക്കൻ ഡൽഹിയിൽ പിഎം2.5ൽ കാണപ്പെടുന്ന പ്രധാന ഘനലോഹങ്ങളാണ് ക്രോമിയം, ചെമ്പ്, സിങ്ക്, മോളിബ്ഡിനം, ലെഡ് എന്നിവയെന്ന് പഠനത്തിൽ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വായുവിൽ കാണപ്പെടുന്ന ഘനലോഹങ്ങൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണ്. പിഎം10, പിഎം2.5 പോലുള്ള കണികാ ദ്രവ്യങ്ങളുമായി ചേർന്ന് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ദീർഘകാലമായി ഇവ ശ്വസിക്കുന്നത് ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗങ്ങൾ, കരൾ-വൃക്ക സംബന്ധമായ തകരാറുകൾ എന്നിവയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തൽ. ലെഡ്, ക്രോമിയം, കാഡ്മിയം പോലുള്ള ചില ഘനലോഹങ്ങൾ നാഡീവ്യവസ്ഥയെയും മസ്തിഷ്ക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു
cpcb informs ngt about heavy metals (copper, zinc, chromium, molybdenum) present in pm10 particles in delhi and 9 major indian cities (0.1% to 2.1%).
