ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ഇടപെടൽ പുതിയ നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ഓസ്ട്രേലിയൻ സന്ദർശനത്തെത്തുടർന്നാണിത്. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ റിച്ചാർഡ് മാൾസുമായി കൂടിക്കാഴ്ച നടത്തി. പത്ത് വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ഓസ്ട്രേലിയയിലേക്ക് സന്ദർശനം നടത്തുന്നത്.

ഈ സന്ദർശനം കൂടുതൽ പ്രവർത്തന സഹകരണത്തിലേക്ക് ഇരുരാജ്യങ്ങളുടേയും ബന്ധത്തെ ഉയർത്തിയതിനൊപ്പം പ്രധാന പ്രതിരോധ കരാറുകളും സൃഷ്ടിച്ചിരിക്കുകയാണ്. സമുദ്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംയുക്ത സമുദ്ര സുരക്ഷാ സഹകരണ റോഡ്മാപ്പാണ് ഇതിൽ പ്രധാനം. ഇതിനുപുറമേ പ്രതിരോധ, സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം പുതുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതും സുപ്രധാനമാണ്.
സന്ദർശനത്തിലൂടെ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നുവെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിശ്വാസം, പൊതുതാൽപര്യങ്ങൾ, സമാധാനപരമായും സുരക്ഷിതമായും സമൃദ്ധമായും ഉള്ള ഇൻഡോ-പസഫിക് മേഖലയെ ലക്ഷ്യമാക്കിയുള്ള പ്രതിബദ്ധത എന്നിവയാണ് ഈ ബന്ധത്തിന്റെ തൂണുകൾ എന്നും പ്രതിരോധവൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ, രാജ്നാഥ് സിങ് ആദ്യമായി ഓസ്ട്രേലിയ സന്ദർശിക്കുന്നതിന്റെ ഭാഗമായി നടന്ന ഓസ്ട്രേലിയ–ഇന്ത്യ പ്രതിരോധമന്ത്രിമാരുടെ പ്രഥമ സംവാദത്തിൽ ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.
Rajnath Singh’s Australia visit marks a new phase in India–Australia defence ties with a joint maritime security roadmap and renewed cooperation pact.
