ഇലക്ട്രിക് ഓട്ടോറിക്ഷയെന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് മഹീന്ദ്ര ട്രിയോയുടേത് (Mahindra Treo). വെള്ളയും നീലയും കലർന്ന നിറത്തിൽ നിരത്തുകളിലൂടെ നിശബ്ദമായി കുതിക്കുന്ന വാഹനം ഇലക്ട്രിക് ത്രീവീലർ രംഗത്തെ കിരീടം വെയ്ക്കാത്ത രാജാവായാണ് അറിയപ്പെടുന്നത്. ഇപ്പോൾ ട്രിയോയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിവരം പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ശ്രീലങ്കയിലെ വിനോദസഞ്ചാരികൾക്ക് എളുപ്പവും പരിസ്ഥിതി സൗഹൃദവുമായ യാത്രയ്ക്കായി മഹീന്ദ്ര ട്രിയോ ലഭ്യമാക്കിയതായാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് സ്വയം ഓടിക്കാവുന്ന തരത്തിലാണ് ശ്രീലങ്കയിൽ ഇവി ത്രീവീലർ ലഭ്യമാക്കിയിരിക്കുന്നത്.
മഹീന്ദ്രയുടെ ചാനൽ പങ്കാളിയായ എവല്യൂഷൻ ഓട്ടോയുമായുള്ള (Evolution Auto) പങ്കാളിത്തത്തോടെയാണ് ശ്രീലങ്ക സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ചുറ്റി സഞ്ചരിക്കാൻ പുതിയ വഴിയൊരുക്കിയത്. യാത്രക്കാർക്ക് സ്വന്തമായി മഹീന്ദ്ര ട്രിയോസ് വാടകയ്ക്കെടുത്ത് ഓടിക്കാവുന്ന തരത്തിലാണിത്. രാജ്യം ചുറ്റിക്കാണാൻ ലളിതവും, വൃത്തിയുള്ളതും, വഴക്കമുള്ളതുമായ മാർഗമാണ് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ നൽകുകയെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. വിനോദസഞ്ചാരികൾക്ക് നഗരവീഥികൾ മുതൽ തീരദേശ പ്രദേശങ്ങൾ വരെ സ്വയം ഓടിച്ചു കാണാൻ ഇതിലൂടെ സാധിക്കും. ടാക്സികളെയോ ബസുകളെയോ ആശ്രയിക്കാതെ വാഹനങ്ങൾ വാടകയ്ക്കെടുക്കാനും ദ്വീപിൽ സമയം ആസ്വദിക്കാനും എവല്യൂഷൻ ഓട്ടോയുമായുള്ള പങ്കാളിത്തം യാത്രക്കാർക്ക് അവസരമൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹീന്ദ്ര ട്രിയോ പോലുള്ള ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ ശ്രീലങ്കയിൽ മാത്രമല്ല ഉപയോഗപ്രദമാകുന്നത്. യൂറോപ്പിലെ നഗരങ്ങളിൽ ചെറിയ യാത്രകൾക്കുള്ള ഷട്ടിലുകളായി ഇവ ഉപയോഗിക്കാവുന്നതാണ്. ഈ വാഹനങ്ങൾ ശാന്തവും, താങ്ങാനാവുന്നതും, സാധാരണ കാറുകളേക്കാൾ പരിസ്ഥിതിക്ക് മികച്ചതുമായ ഓപ്ഷനാണ്. വളർന്നുവരുന്ന ഇലക്ട്രിക് മുച്ചക്ര വാഹന വിപണിയിൽ ഇന്ത്യയ്ക്ക് വലിയൊരു അവസരമാണ് മഹീന്ദ്ര കാണുന്നത്. സ്മാർട്ട് ഡിസൈനുകളും കുറഞ്ഞ പ്രവർത്തനച്ചിലവും ഉപയോഗിച്ച്, ചെറിയ ഇലക്ട്രിക് വാഹനങ്ങളുടെ ലോക വിപണിയിൽ ഇന്ത്യയ്ക്ക് പ്രധാന മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കും-അദ്ദേഹം പറഞ്ഞു.
Anand Mahindra announces Mahindra Treo’s launch in Sri Lanka, offering tourists eco-friendly self-drive EV three-wheelers.
