മുംബൈയ്ക്ക് സമീപമുള്ള വാധ്വൻ തുറമുഖത്ത് (Vadhavan Port) ₹53,000 കോടിയിലധികം മൂല്യമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഗൗതം അദാനിയുടെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ). സർക്കാർ നിയന്ത്രണത്തിലുള്ള ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായാണ് (JNPA) അദാനി പോർട്സ് രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്.

₹26500 കോടി മൂല്യമുള്ള ആദ്യ ധാരണാപത്രം ഓഫ്ഷോർ പദ്ധതികളിൽ പങ്കാളിയാകാനുള്ള അദാനി ഗ്രൂപ്പിന്റെ താൽപര്യം സംബന്ധിച്ചുള്ളതാണ്. രണ്ടാമത്തെ ധാരണാപത്രം, വാധ്വൻ തുറമുഖത്ത് ₹26500 കോടി രൂപ മൂല്യമുള്ള കണ്ടെയ്നർ ടെർമിനൽ വികസനത്തിൽ പങ്കെടുക്കാനുള്ളതാണ്.
വാധ്വൻ തുറമുഖം ലോകത്തിലെ മികച്ച 10 വലിയ തുറമുഖങ്ങളിൽ ഒന്നായി ഉയരുമെന്നും, അതിൽ ഒമ്പത് കണ്ടെയ്നർ ടെർമിനലുകൾ ഉണ്ടാകുമെന്നും ജെഎൻപിഎ ചെയർമാൻ ഉന്മേഷ് വാഘ് അറിയിച്ചു. ഇവയിൽ ഒന്ന് വികസിപ്പിക്കുന്നതിൽ അദാനി ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പ് ബ്രേക്ക് വാട്ടർ പോലുള്ള ഓഫ്ഷോർ നിർമാണ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ ധാരണാപത്രങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നതിനുള്ള പ്രാഥമിക ഘട്ടമാണെന്നും, എല്ലാ പദ്ധതികൾക്കും ബിഡ് പ്രക്രിയ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാധ്വൻ തുറമുഖത്തിൽ ജെഎൻപിഎയ്ക്കാണ് 76 ശതമാനം ഓഹരി, ശേഷിക്കുന്ന 24 ശതമാനം സംസ്ഥാന സർക്കാറിനു കീഴിലുള്ള മഹാരാഷ്ട്ര മാരിടൈം ബോർഡിനാണ്.
adani ports signs mo’s with jnpa to invest over ₹53,000 crore in vadhavan port for offshore works and container terminal development.
