കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രി-ഡ്രോൺ സ്റ്റാർട്ടപ്പ് ഫ്യൂസിലേജ് ഇന്നവേഷൻസിന് (Fusilage Innovations ) ഒരു കോടിയുടെ ഗ്രാന്റ്.
ഐഐഎം കോഴിക്കോടിന്റെ ബിസിനസ് ഇൻകുബേറ്റർ IIIMK-LIVE, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) എന്നിവർ സംയുക്തമായി നടത്തുന്ന പ്രധാന സംരംഭമായ USHUS മാരിടൈം ഇന്നൊവേഷൻ സപ്പോർട്ട് സ്കീമിന് (USHUS Maritime Innovation Support Scheme) കീഴിൽ ആണ് ഫ്യൂസലേജ് ഇന്നൊവേഷൻസിന് (Fuselage Innovations) 1 കോടി രൂപയുടെ പൈലറ്റ് ഗ്രാന്റ് അനുവദിച്ചത്.

ഈ മേഖലയിലെ തദ്ദേശീയ സാങ്കേതികവിദ്യ വളർത്തുന്നതിനുള്ള സഹകരണ ശ്രമങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, ഈ റൗണ്ടിൽ മൂന്ന് മുൻനിര മാരിടൈം സ്റ്റാർട്ടപ്പുകൾക്ക് വിതരണം ചെയ്ത 2.5 കോടി രൂപയുടെ വലിയ തുകയുടെ ഭാഗമാണ് ഈ ധനസഹായം.
ഫ്യൂസലേജ് ഇന്നോവേഷൻസ് വികസിപ്പിച്ചെടുത്ത ലോഞ്ച് ആൻഡ് റിക്കവറി സിസ്റ്റം (LARS) എന്ന സാങ്കേതിക സംവിധാനത്തിനാണ് അംഗീകാരം.
സമുദ്രപരിസരങ്ങളിലും ഓഫ്ഷോർ സാഹചര്യങ്ങളിലും സംഭവിക്കുന്ന ക്രെയിൻ ഓസിലേഷൻ (കുലുക്കം) പരിഹരിക്കാൻ രൂപകൽപ്പന ചെയ്തതാണ് ലോഞ്ച് ആൻഡ് റിക്കവറി സിസ്റ്റം (LARS).ഈ സംവിധാനം സാധാരണ ക്രെയിനുകൾക്ക് കൂടുതൽ കൃത്യതയോടും സ്ഥിരതയോടും പ്രവർത്തിക്കാൻ സഹായിക്കുന്നു. സമുദ്ര ഗതാഗതവും ലോജിസ്റ്റിക്സും സംബന്ധിച്ച സുരക്ഷയും പ്രവർത്തനക്ഷമതയും ഇത് കൂട്ടുന്നു.
കൊച്ചിൻ ഷിപ്പ് യാർഡിനെ പ്രതിനിധീകരിച്ച് ഡോ. കൃഷ്ണ പ്രസാദ് എസും അഞ്ജന കെ ആറും, IIIMK-LIVE ടീമിൽ നിന്ന് ആഷുതോഷ് സർക്കാർ, ഡോ. ജിയോ പി ജോസ്, ലിജോ പനിച്ചപ്പിള്ളിൽ എന്നിവർ ഗ്രാന്റ് ഔദ്യോഗികമായി കൈമാറി.
ഇതുൾപ്പെടെ, USHUS പ്രോഗ്രാമിലൂടെ 14 സ്റ്റാർട്ടപ്പുകൾക്കായി മൊത്തം 6.9 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. മാരിടൈം മേഖലയിലെ തദ്ദേശീയ സാങ്കേതിക മുന്നേറ്റങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
| kerala agri-drone startup fuselage innovations receives ₹1 crore pilot grant from ushus (iimk-live & csl) for its lars anti-oscillation technology. | 


 
