ഇന്ത്യയുടെ 53ആമത് ചീഫ് ജസ്റ്റിസായി (CJI) ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ഭൂഷൺ ഗവായിയുടെ പിൻഗാമിയായി നവംബർ 24ന് അദ്ദേഹം ഔപചാരികമായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര നിയമ മന്ത്രാലയത്തിനു കീഴിലുള്ള നീതിന്യായ വകുപ്പ് അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

1962 ഫെബ്രുവരി പത്തിന് ഹരിയാനയിലെ ഹിസാർ ജില്ലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച സൂര്യകാന്ത് ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നാണ് ജീവിതം ആരംഭിച്ചത്. കുടുംബത്തെ കൃഷിയിലും മറ്റും സഹായിച്ചിരുന്ന ബാല്യം. ബെഞ്ചില്ലാത്ത സ്കൂളിൽ വെറുംനിലത്തിരുന്നു പഠിച്ച അദ്ദേഹം സൂര്യകാന്ത് പരമോന്നത കോടതിയുടെ ബെഞ്ചിലേക്കെത്തി, ഭാവിയിൽ അതിന്റെ പരമോന്നത പദവിയിലേക്കുമെത്താൻ ഒരുങ്ങുകയാണ് അദ്ദേഹം.
റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്നാണ് അദ്ദേഹം നിയമബിരുദം നേടിയത്. കുരുക്ഷേത്ര സർവകലാശാലയിൽനിന്ന് വിദൂരപഠനത്തിലൂടെ നിയമത്തിൽ ബിരുദാനന്തരബിരുദവും നേടി. 38ആം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 2004ൽ അദ്ദേഹം ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായി. പതിനാല് വർഷം ഹൈക്കോടതി ജഡ്ജിയായിരുന്ന സൂര്യകാന്ത്, 2018ൽ ഹിമാചൽപ്രദേശ് ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടത്
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചതുൾപ്പെടെ ഒട്ടേറെ സുപ്രധാന വിധികൾ പറഞ്ഞത് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. ബിഹാർ എസ്ഐആറിന്റെ ഭാഗമായി കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു.
justice surya kant appointed as the 53rd chief justice of india, to take oath on november 24, succeeding justice b r gavai.


 
