ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) പുരുഷ ടീമിനെയും വിമൻസ് പ്രീമിയർ ലീഗിലെ ടീമിനെയും സ്വന്തമാക്കാൻ ശതകോടീശ്വരന്മാർ തമ്മിൽ മത്സരം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല, ഡൽഹി ക്യാപിറ്റൽസ് സഹ ഉടമകളായ ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിലെ പാർത്ത് ജിൻഡാൽ, ജിഎംആർ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് തുടങ്ങിയവരാണ് ആർസിബിയെ വാങ്ങാൻ മുന്നിലുള്ളത്.
2 ബില്യൻ ഡോളറാണ് (17000 കോടി രൂപ) ടീമിനെ വിൽക്കുന്നതിലൂടെ നിലവിലെ ഉടമസ്ഥരായ ഡിയാജിയോ ലക്ഷ്യമിടുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കപ്പിൽ മുത്തമിട്ടതോടെ ടീമിന്റെ മൂല്യം കുതിച്ചുയരുകയായിരുന്നു. 2026 മാർച്ചിനകംതന്നെ വിൽപന പൂർത്തിയാക്കിയേക്കും. അടുത്ത സീസണിൽ പുതിയ ഉടമസ്ഥരുടെ കീഴിലാകും ആർസിബി മത്സരിക്കുക.

വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസായിരുന്നു ആർസിബിയുടെ ആദ്യ ഉടമ. യുണൈറ്റഡ് ബ്രൂവറീസിന്റെ ഉപസ്ഥാപനമായിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് (USL) ആയിരുന്നു ആർസിബി പ്രമോട്ടർമാർ. 2012ലാണ് യുഎസ്എലിന്റെ മുഖ്യ ഓഹരി പങ്കാളിത്തം ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തത്. പിന്നീട്, വായ്പാത്തട്ടിപ്പ് കേസ് ഉയർന്നതിന് പിന്നാലെ മല്യ ഇന്ത്യയിൽ നിന്ന് മുങ്ങി. ഇതോടെ 2016ൽ യുഎസ്എലിന്റെ മുഴുവൻ ഓഹരികളും ഡിയാജിയോ വാങ്ങുകയായിരുന്നു.
A host of billionaires, including the Adani Group and Adar Poonawalla, are competing to buy IPL champions RCB from current owners Diageo for a reported price of ₹17,000 Crore.
