2014 ജൂൺ 19ന് 1.1 ബില്യൺ പൗണ്ടിന്റെ ടെൻഡർ ഓഫർ വിജയകരമായി അവസാനിച്ചതിനെത്തുടർന്ന്, ഡിയാജിയോ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിൽ (USL) 54.7 ശതമാനം ഓഹരികൾ നേടി. 2014 ഏപ്രിൽ മധ്യത്തിൽ ഓഫർ പ്രഖ്യാപിച്ച ദിവസം യുഎസ്എല്ലിന്റെ വിപണി വിലയേക്കാൾ 18 ശതമാനം കൂടുതലായ, 38 ബില്യൺ ഓഹരികൾ വാങ്ങാൻ ഡിയാജിയോ വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫർ നിക്ഷേപകരുടെ താൽപര്യം വർധിപ്പിച്ചു. ടെൻഡർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ വൻതോതിൽ ഓവർസബ്‌സ്‌ക്രിപ്‌ഷൻ സൂചിപ്പിച്ചു. കാരണം യുഎസ്എല്ലിന്റെ മാർക്കറ്റ് വില ഓഫർ വിലയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല.
2013 മെയ് മാസത്തിൽ യുഎസ്എല്ലിൽ 53.4 ശതമാനം ഓഹരികൾ വാങ്ങാൻ ശ്രമിച്ച ഡിയാജിയോയുടെ മുൻ ബിഡിൽ നിന്നുള്ള വലിയ മാറ്റമായിരുന്നു ഇത്. എന്നാൽ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് ഓഫർ നൽകിയതിനാൽ 0.4 ശതമാനം ഓഹരികൾ മാത്രമേ അവർ നേടിയുള്ളൂ. 2012 നവംബറിൽ യുഎസ്എൽ ചെയർമാൻ വിജയ് മല്യയും കൂട്ടാളികളുമായി ഒപ്പുവെച്ച നാല് വർഷത്തെ കരാറിലൂടെ, ഡിയാജിയോ ഫലപ്രദമായ ബോർഡ് റൂം നിയന്ത്രണം നേടുകയും കമ്പനി സീനിയർ മാനേജ്‌മെന്റിനെ നിയമിക്കുകയും ചെയ്തു.
2014 ജൂണിലെ ടെൻഡർ ഓഫറോടെ, ഡിയാജിയോയ്ക്ക് യുഎസ്എല്ലിൽ പൂർണ നിയന്ത്രണവും ഭൂരിപക്ഷ ഓഹരി പങ്കാളിത്തവും ലഭിച്ചു. അടുത്തിടെ, 2025 ഫെബ്രുവരി 28-ന്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു ഓഹരിക്ക് 693.25 രൂപ നിരക്കിൽ 50,75,000 ഓഹരികൾ (ഏകദേശം 0.70% ഓഹരി പങ്കാളിത്തം) സ്വന്തമാക്കിക്കൊണ്ട് ഡിയാജിയോ തങ്ങളുടെ ഓഹരികൾ വീണ്ടും വർധിപ്പിച്ചു. ഇത് യുഎസ്എല്ലിലുള്ള അവരുടെ മൊത്തം നിയന്ത്രണം 55.9% ആയി ഉയർത്തി.
വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 2012ൽ യുഎസ്എൽ ഡിയാജിയോയ്ക്ക് വിൽക്കാനുള്ള വിജയ് മല്യയുടെ തീരുമാനത്തിന് പിന്നിൽ. മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് വമ്പൻ കടബാധ്യതയുടെയും തുടർച്ചയായ നഷ്ടങ്ങളുടെയും ഭാരത്താൽ തകർന്നിരുന്നു. ഗ്രൂപ്പിന്റെ പ്രധാന വിഭാഗമായ യുണൈറ്റഡ് സ്പിരിറ്റ്സ് ലാഭകരമായി തുടർന്നു. ഇതോടെ ധനസമ്പാദനത്തിനുള്ള ഏക പ്രായോഗിക ആസ്തിയായി അത് മാറി. ഈ വിൽപന മല്യയ്ക്ക് ഫണ്ട് സ്വരൂപിക്കാനും കടം കുറയ്ക്കാനും തന്റെ ബിസിനസ്സ് സാമ്രാജ്യം സ്ഥിരപ്പെടുത്തുന്നതിന് വിശ്വസനീയ ആഗോള പങ്കാളിയെ കൊണ്ടുവരാനും അവസരം നൽകി.
ലോകത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് കമ്പനിയായ ഡിയാജിയോയെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മദ്യ വിപണികളിലൊന്നിലേക്കുള്ള തന്ത്രപരമായ പ്രവേശനമായിരുന്നു ഈ കരാർ. അന്ന് ഇന്ത്യ വലിയ അളവിൽ സാധ്യതകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പ്രീമിയം മദ്യ മേഖല പരിമിതമായിരുന്നു. യുണൈറ്റഡ് സ്പിരിറ്റ്സ് ഡിയാജിയോയ്ക്ക് വിപുലമായ വിതരണ ശൃംഖലയും പ്രാദേശിക ബ്രാൻഡുകളുടെ ശക്തമായ പോർട്ട്‌ഫോളിയോയും നൽകി.
മല്യയ്‌ക്കെതിരെ ഭരണ പ്രശ്‌നങ്ങളും ഫണ്ട് വഴിതിരിച്ചുവിടൽ ആരോപണങ്ങളും ഉയർന്നുവന്നതോടെ വളർച്ചയ്ക്കുള്ള പങ്കാളിത്തമായി ആരംഭിച്ചത് ഡിയാജിയോയെ സംബന്ധിച്ച് പൂർണ ഏറ്റെടുക്കലായി പരിണമിച്ചു. ഡിയാജിയോ മാനേജ്‌മെന്റ് സമ്പൂർണ നിയന്ത്രണം നേടിയതോടെ മല്യ പുറത്തുപോകാൻ നിർബന്ധിതനായി. ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ സാമ്രാജ്യത്തിന്മേലുള്ള അദ്ദേഹത്തിന്റെ ഭരണത്തിന് ഇതോടെ അന്ത്യം കുറിച്ചു.
ഇന്ത്യയുടെ പ്രീമിയം മദ്യ മേഖലയിലേക്കുള്ള ഡിയാജിയോയുടെ വരവിനൊപ്പം
ഈ ഏറ്റെടുക്കൽ ലോകത്തിലെ ഏറ്റവും ചലനാത്മകമായ വിസ്കി വിപണികളിൽ ഒന്നിലേക്കുകൂടി ഡിയാജിയോയ്ക്ക് പ്രവേശനം നൽകി. 2013ൽ ഇന്ത്യക്കാർ ഒരുമിച്ച് 1.5 ബില്യൺ ലിറ്റർ വിസ്കി ഉപയോഗിച്ചതായാണ് കണക്ക്. ബാഗ്പൈപ്പർ, മക്ഡൊവലിന്റെ നമ്പർ 1 എന്നിവയുൾപ്പെടെ യുഎസ്എല്ലിന്റെ ബ്രാൻഡുകളിലൂടെ, ഇന്ത്യയുടെ സ്പിരിറ്റ് വിപണിയുടെ ഏകദേശം 40% നിയന്ത്രിക്കുന്ന കമ്പനിയിലേക്ക് ഡിയാജിയോയ്ക്ക് പ്രവേശനം ലഭിച്ചു. ഇത് ഡിയാജിയോ പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിനും ഇന്ത്യൻ വിപണിയിൽ പ്രീമിയം ഓഫറുകൾ അവതരിപ്പിക്കുന്നതിനും ശക്തമായ അടിത്തറ നൽകി.
യുണൈറ്റഡ് സ്പിരിറ്റ്സിന്റെ പോർട്ട്‌ഫോളിയോയിൽ മക്‌ഡൊവൽസ് നമ്പർ.1, ബാഗ്‌പൈപ്പർ, ഡയറക്‌ടേർസ് സ്‌പെഷ്യൽ തുടങ്ങിയ ബ്രാൻഡുകൾ ആധിപത്യം പുലർത്തിയിരുന്നു. ഏറ്റെടുക്കലോടെ ഡിയാജിയോ വലിയ പ്രീമിയം തന്ത്രം ആരംഭിച്ചു. മക്‌ഡൊവലിനെ വമ്പൻ ലേബലായി പുനർനാമകരണം ചെയ്തതിനൊപ്പം ജോണി വാക്കർ, ബ്ലാക്ക് ഡോഗ് പോലുള്ള ആഡംബര സ്കോച്ച് വിസ്‌കികൾ ലേബലിനു കീഴിൽ അവതരിപ്പിച്ചു. ഇതോടൊപ്പം കമ്പനി മുപ്പതിലധികം ലോ-മാർജിൻ ബ്രാൻഡുകൾ നിർത്തലാക്കുകയോ വിൽക്കുകയോ ചെയ്തു. വർധിച്ചുവരുന്ന ഡിസ്‌പോസിബിൾ വരുമാനം, നഗരവൽകരണം, യുവ പ്രൊഫഷണലുകൾക്കിടയിൽ പ്രീമിയം അനുഭവങ്ങളോടുള്ള വർധിച്ചുവരുന്ന താൽപര്യം എന്നിവയാണ് ഡിയാജിയോ ഇവിടെ മുതലെടുത്തത്.
ഇന്ന്, യുണൈറ്റഡ് സ്പിരിറ്റ്സ് ഇന്ത്യയിലെ ലഹരിപാനീയ വ്യവസായത്തിലെ മുൻനിര പ്ലയേർസിൽ ഒന്നായി നിലകൊള്ളുന്നു. ശക്തമായ ബ്രാൻഡ് ഇക്വിറ്റി, ഒന്നിലധികം വിഭാഗങ്ങളിലും പ്രൈസ് വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാർന്ന ഉത്പന്ന പോർട്ട്‌ഫോളിയോ, രാജ്യവ്യാപകമായ വിശാലമായ സാന്നിധ്യം എന്നിവയാണ് കമ്പനിയുടെ കരുത്ത്. യുഎസ്‌എല്ലിന്റെ വിപുലമായ വിതരണ ശൃംഖല ഇന്ത്യയിലുടനീളമുള്ള 70000ത്തിലധികം ഔട്ട്‌ലെറ്റുകൾ അടങ്ങുന്നതാണ്. എട്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത് നിർമാണ സൗകര്യങ്ങൾക്കൊപ്പം കമ്പനിക്കായി ലഹരിപാനീയങ്ങൾ നിർമിക്കുന്ന നിരവധി തേർഡ് പാർട്ടി യൂണിറ്റുകളുമുണ്ട്.
ജനപ്രിയം, പ്രസ്റ്റീജ്, പ്രീമിയം, ആഢംബരം എന്നിങ്ങനെ എല്ലാ വിപണി വിഭാഗങ്ങളിലും ഉയർന്ന ബ്രാൻഡ് അംഗീകാരമാണ് കമ്പനിക്കുള്ളത്. ഇതിലൂടെ കമ്പനി വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്ന സമഗ്രമായ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. യുഎസ്എല്ലിന് പ്രതിവർഷം ഒരു ദശലക്ഷത്തിലധികം കേസുകൾ വിൽക്കുന്ന ഏഴ് ബ്രാൻഡുകളുണ്ട്. അതിൽ 50 ദശലക്ഷത്തിലധികം കേസുകൾ വിൽപനയുള്ള മുൻനിര ബ്രാൻഡും ഉൾപ്പെടുന്നു. ശക്തമായ പ്രാദേശിക ലേബലുകളും പ്രീമിയം ഓഫറുകളും ചേർത്ത് ജോണി വാക്കർ, ബെയ്‌ലിസ്, സ്മിർനോഫ് തുടങ്ങിയ പ്രശസ്ത ആഗോള നാമങ്ങൾ അതിന്റെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു. കൂടാതെ, ഗോഡവാൻ പോലുള്ള ബ്രാൻഡുകളിലൂടെ യുഎസ്എൽ ക്രാഫ്റ്റ് വിഭാഗത്തിലേക്കും വ്യാപിച്ചു.
നഷ്ടങ്ങളിൽനിന്നും വിപണി നേതൃത്വത്തിലേക്കുള്ള യാത്രയാണ് കഴിഞ്ഞ ദശകത്തിലെ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ സാമ്പത്തികനില സൂചിപ്പിക്കുന്നത്. ഡിയാജിയോയുടെ മേൽനോട്ടത്തിൻ കീഴിലുള്ള വലിയ മാറ്റത്തെക്കൂടി ഇത് അടിവരയിടുന്നു. 2014 സാമ്പത്തിക വർഷത്തിൽ, കമ്പനിക്ക് കനത്ത നഷ്ടവും ഉയർന്ന ലിവറേജും നേരിടേണ്ടി വന്നിരുന്നു. മൊത്തം ചിലവ് 13876 കോടി രൂപയും വിൽപന 10508 കോടി രൂപയുമായിരുന്നു. ആ വർഷത്തെ പ്രവർത്തന നഷ്ടം 3368 കോടി രൂപയായിരുന്നു. പത്ത് വർഷങ്ങൾക്കുശേഷം ഇത് ഏറെ മാറി. 2025 സാമ്പത്തിക വർഷത്തോടെ വിൽപന 12069 കോടി രൂപയായി വളർന്നു. അതേസമയം ചിലവുകൾ 9833 കോടി രൂപയായി ചുരുക്കി. ഇതിന്റെ ഫലമായി 2236 കോടി രൂപയുടെ പ്രവർത്തന ലാഭവും 19 ശതമാനം പ്രവർത്തന ലാഭ മാർജിനും ഗണ്യമായി മെച്ചപ്പെട്ടു. 2014ലെ നഷ്ടങ്ങളിൽ നിന്നുള്ള പൂർണമായ തിരിച്ചുവരവാണിത്. 2014 സാമ്പത്തിക വർഷത്തിൽ 8307 കോടി രൂപയായിരുന്ന മൊത്തം കടം 2025 മാർച്ചോടെ വെറും 480 കോടി രൂപയായി കുറഞ്ഞതും സാമ്പത്തിക പുനഃസംഘടനയിലും വിവേകപൂർണമായ മൂലധന വിഹിതത്തിലും ഡിയാജിയോയുടെ ശ്രദ്ധയെ എടുത്തുകാണിക്കുന്നു.
ഇന്ത്യൻ മദ്യ വ്യവസായത്തിലെത്തന്നെ വഴിത്തിരിവായി ഡിയാജിയോയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഏറ്റെടുക്കൽ വിലയിരുത്തപ്പെടുന്നു. കടബാധ്യതയുള്ള ഒരു കമ്പനിയെ സാമ്പത്തികമായി ശക്തമായ മാർക്കറ്റ് ലീഡേർസാക്കി ഡിയാജിയോ മാറ്റി. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ അതിവേഗം വളരുന്ന പ്രീമിയം സ്പിരിറ്റ് വിപണി പിടിച്ചെടുക്കുന്നതിന് ഡിയാജിയോ യുഎസ്എല്ലിന്റെ വിതരണ ശക്തിയും പ്രാദേശിക ബ്രാൻഡ് ഇക്വിറ്റിയും വിജയകരമായി പ്രയോജനപ്പെടുത്തി. പോർട്ട്‌ഫോളിയോ പ്രീമിയമാക്കിയും, പ്രവർത്തന കാര്യക്ഷമത, ഭരണ പരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ഇന്ത്യൻ നിർമിത സ്പിരിറ്റുകളെക്കുറിച്ചുള്ള ഉപഭോക്തൃ ധാരണയെത്തന്നെ കമ്പനി പുനർനിർവചിച്ചു. ഇവയെല്ലാം യുണൈറ്റഡ് സ്പിറ്റ്സിനെ ഡിയാജിയോയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
A decade after Diageo acquired a controlling stake in Vijay Mallya’s debt-laden United Spirits (USL), explore how the liquor giant premiumized the portfolio and engineered a massive financial turnaround.
