വന്യജീവിസംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഓൺലൈനായി നടത്തിയ കേരളത്തിലെ എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഒക്ടോബറിൽ കേരള നിയമസഭ പാസാക്കിയ നിയമത്തിൽ മനുഷ്യർക്ക് പരിക്കേൽപ്പിക്കുകയും മനുഷ്യജീവന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന അപകടകരമായ മൃഗങ്ങൾക്കെതിരെ നടപടി വേഗത്തിലാക്കുന്നതിനുള്ള നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്ന നിയമം, മനുഷ്യർക്ക് ഗുരുതരമായ പരിക്കുകൾ വരുത്തുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് അധികാരം നൽകുന്നു.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചു. അതേസമയം, മുനുഷ്യ-വന്യജീവി സംഘർഷം ഇല്ലാതാക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും നിലവിലുള്ള മാർഗരേഖകൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.
CM Pinarayi Vijayan requested Kerala MPs to expedite Presidential assent for the Wildlife Amendment Bill, which seeks to address human-wildlife conflict by allowing faster action against dangerous animals.
