അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കോണോമിക് സോണിന്റെ (APSEZ) നേതൃത്വത്തിൽ കേരള സർക്കാരുമായി സഹകരിച്ച് വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒരു വയസ്സ് തികയുകയാണ്. ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന വിശേഷണത്തോടെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞം രാജ്യത്തെ ഏറ്റവും ആധുനികമായ ഡീപ്-വാട്ടർ പോർട്ടുകളിൽ ഒന്നായി മാറി. രാജ്യത്തിന്റെ സമുദ്രവ്യാപാര മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച വിഴിഞ്ഞം നിരവധി ആഗോള അംഗീകാരങ്ങളും സ്വന്തമാക്കി.

ആദ്യ 12 മാസങ്ങൾക്കുള്ളിൽത്തന്നെ വിഴിഞ്ഞം മികച്ച പ്രവർത്തനക്ഷമത തെളിയിച്ചിരിക്കുന്നു. ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള പോർട്ടായി വിഴിഞ്ഞം മാറി. പ്രവർത്തന വർഷം അവസാനിക്കുന്നതിന് മുമ്പ് 10 മാസത്തിനുള്ളിൽത്തന്നെ ഒരു ദശലക്ഷം ടിഇയു ശേഷി കടന്നു. ആദ്യവർഷത്തിൽത്തന്നെ 615 കപ്പലുകൾ കൈകാര്യം ചെയ്തപ്പോൾ, 1.32 ദശലക്ഷം ടിഇയു കൈമാറുകയും ചെയ്തു. 399 മീറ്ററിന് മുകളിൽ നീളമുള്ള 41 അൾട്രാ-ലാർജ് കണ്ടെയ്നർ കപ്പലുകൾ (ULCVs) കൈകാര്യം ചെയ്തുകൊണ്ടും വിഴിഞ്ഞം റെക്കോർഡിട്ടു. 300 മീറ്ററിന് മുകളിൽ നീളമുള്ള 154 കപ്പലുകൾ വിജയകരമായി കൈകാര്യം ചെയ്തതും, 16 മീറ്ററിനു മുകളിൽ ഡ്രാഫ്റ്റ് ഉള്ള 45 കപ്പലുകൾ സ്വീകരിച്ചതും വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. 17.1 മീറ്റർ ഡ്രാഫ്റ്റ് ഉള്ള MSC Verona ദക്ഷിണേഷ്യയിൽ കൈകാര്യം ചെയ്ത ഏറ്റവും ആഴത്തിലുള്ള കപ്പൽ ആയി മാറിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ MSC IRINA ഉം വിഴിഞ്ഞത്തേക്കെത്തി.
പ്രവർത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിലാണ്. 2025 ഒക്ടോബറിൽ 28.52 എന്ന ഉയർന്ന ഗ്രോസ് ക്രെയിൻ റേഷ്യോ (GCR) കൈവരിക്കാൻ തുറമുഖത്തിന് സാധിച്ചു. വലിയ മദർഷിപ്പുകളിൽ എത്തുന്ന ചരക്കുകൾ ചെറിയ ഫീഡർ കപ്പലുകളിലേക്ക് മാറ്റുന്ന ട്രാൻസ്ഷിപ്പമെന്റ് പ്രവർത്തനങ്ങളാണ് ഇതുവരെ വിഴിഞ്ഞത്ത് നടന്നിരുന്നത്. തുറമുഖ നടത്തിപ്പുകാരായ അദാനി പോർട്സിന് ഇതിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിന് ജിഎസ്ടി വിഹിതം മാത്രമാണ് ലഭിക്കുന്ന നേട്ടം. എന്നാൽ കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ വിഴിഞ്ഞത്ത് ഇന്റർഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി നൽകിയതോടെ ഇനി മുതൽ തുറമുഖത്ത് നിന്ന് ചരക്കുകൾ റോഡ്-റെയിൽ മാർഗത്തിലൂടെ രാജ്യത്തെവിടെയും കൊണ്ടുപോകാം. ക്രൂചേഞ്ച് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും തുടങ്ങാൻ കഴിയും. ഇതോടെ സംസ്ഥാനത്തിന് കൂടുതൽ വരുമാനം ലഭിക്കുന്നതിനോടൊപ്പം ലോജിസ്റ്റിക്സ് രംഗത്തും വലിയ മാറ്റങ്ങളുണ്ടാകും. ഈ മേഖലയിൽ പുതിയ നിക്ഷേപ മാർഗങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
Vizhinjam International Seaport celebrates its first anniversary, setting a national record by handling one million TEUs in just 10 months and successfully managing 41 Ultra-Large Container Vessels (ULCVs).
