കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില ഗ്രൗണ്ട് ഹാൻഡ്ലിങ് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ എയർ ഇന്ത്യ സാറ്റ്സ് എയർപോർട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (AISATS). കേരളത്തിൽ തിരുവനന്തപുരത്തിനു പുറമെയാണ് കൊച്ചിയിലേക്കും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യ ലിമിറ്റഡിനും എയർ കാർഗോ മേഖലയിലെ വമ്പനായ സാറ്റ്സ് ലിമിറ്റഡിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയായ എയർഇന്ത്യ സാറ്റ്സ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ, സുസ്ഥിര ഗ്രൗണ്ട് ഹാൻഡ്ലിങ് സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് എഐസാറ്റ്സ് ലക്ഷ്യമിടുന്നത്.

2008ൽ പ്രവർത്തനമാരംഭിച്ച എഐസാറ്റ്സിന്റെ സാന്നിധ്യം രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലേക്കാണ് വളരുന്നത്. തുടക്കത്തിൽ 150 ജീവനക്കാരെയാണ് കൊച്ചിയിൽ എഐ സാറ്റ്സ് വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂട്ടുമെന്ന് എഐസാറ്റ്സ് അധികൃതർ അറിയിച്ചു. നിലവിൽ 28ലധികം എയർലൈനുകൾ വന്നുപോകുന്ന കൊച്ചി വിമാനത്താവളം 60,000 ടണ്ണിലധികം കാർഗോയും ഒരു കോടിയിലധികം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നു. പുതു തലമുറ സേവന പ്ലാറ്റ്ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ, എൻഡ് ടു എൻഡ് ബാഗേജ് ട്രാക്കിങ് സാങ്കേതിക വിദ്യകൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് എഐസാറ്റ്സ് വ്യക്തമാക്കി.
Air India SATS (AISATS) has launched full-scale ground handling services at Cochin International Airport (CIAL). The company aims to provide world-class safety and sustainable handling systems.
