ആറാം ദിവസത്തിലേക്ക് കടക്കുന്ന ഇൻഡിഗോയുടെ പ്രവർത്തന പ്രതിസന്ധി യാത്രക്കാരെ കുഴപ്പത്തിലാക്കുകയും യാത്രാ പദ്ധതികൾ തടസ്സപ്പെത്തുകയുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി എന്ന നിലയിൽ, എയർലൈനിന്റെ പ്രശ്നങ്ങൾ വിമാന നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. ഇത് രാജ്യവ്യാപകമായി യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്നലെ വരെ, ഇൻഡിഗോ 650 വിമാന സർവീസുകൾ റദ്ദാക്കി. പ്രവർത്തനങ്ങൾ ക്രമേണ സ്ഥിരത കൈവരിക്കുന്നുണ്ടെന്നും, 138 വിമാനത്താവള ലക്ഷ്യസ്ഥാനങ്ങളിൽ 137 എണ്ണവും ഇപ്പോൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2025 ഡിസംബർ 5നും ഡിസംബർ 15നും ഇടയിൽ യാത്രാ തീയതികളുള്ള ബുക്കിംഗുകളിലെ എല്ലാ റദ്ദാക്കലുകൾക്കും റീഷെഡ്യൂൾ അഭ്യർത്ഥനകൾക്കും പൂർണമായ റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്ന് ഇൻഡിഗോ യാത്രക്കാരെ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയമങ്ങൾ അനുസരിച്ച്, വിമാനക്കമ്പനി കാരണമാണ് കാലതാമസമോ റദ്ദാക്കലോ ഉണ്ടായതെങ്കിൽ, യാത്രക്കാർക്ക് റീഫണ്ട് ലഭിക്കാനോ റീബുക്കിംഗ് നടത്താനോ അർഹതയുണ്ട്.
റദ്ദാക്കിയതോ വൈകിയതോ ആയ ഇൻഡിഗോ ബുക്കിംഗിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് ഇക്കാര്യങ്ങൾ ചെയ്യുക:
1. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ തുറന്ന് “മാനേജ് ബുക്കിംഗം” എന്ന ഓപ്ഷനിലേക്ക് നാവിഗേറ്റ് ചെയ്യുക. നിങ്ങളുടെ ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിങ്ങളുടെ PNR അല്ലെങ്കിൽ ബുക്കിംഗ് റഫറൻസും ലാസ്റ്റ് നെയിമും നൽകുക.
2. എയർലൈൻ നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കുകയാണെങ്കിൽ, നിങ്ങൾക്ക് മുഴുവൻ റീഫണ്ടും ക്ലെയിം ചെയ്യാം. അതല്ലെങ്കിൽ അധിക ചാർജില്ലാതെ അടുത്ത ലഭ്യമായ വിമാനത്തിൽ വീണ്ടും ബുക്ക് ചെയ്യാം. ആറ് മണിക്കൂറിൽ കൂടുതൽ വൈകിയ ആഭ്യന്തര വിമാനങ്ങൾക്ക്, ആറ് മണിക്കൂറിനുള്ളിൽ പുറപ്പെടുന്ന മറ്റൊരു വിമാനമോ പൂർണ റീഫണ്ടോ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.
3. നിങ്ങളുടെ സാഹചര്യം വിലയിരുത്തിയ ശേഷം, ഇൻഡിഗോ റീഫണ്ട് പേജിലേക്ക് പോയി “ക്യാൻസലേഷൻ / റീഫണ്ട് ഫോർ ക്യാൻസൽഡ് ഫ്ലൈറ്റ്” തിരഞ്ഞെടുക്കുക. അതിനുശേഷം, നിങ്ങളുടെ പിഎൻആർ, ഇമെയിൽ ഐഡി, യാത്രക്കാരുടെ വിശദാംശങ്ങൾ എന്നിവ നൽകി റിക്വസ്റ്റ് സമർപ്പിക്കുക.
നിങ്ങൾ ഓൺലൈൻ പെയ്മെന്റ് വഴിയാണ് ഫ്ലൈറ്റ് ബുക്കിംഗ് നടത്തിയതെങ്കിൽ, റീഫണ്ട് അതേ കാർഡിലേക്കോ ഉപയോഗിച്ച പേയ്മെന്റ് രീതിയിലേക്കോ തിരികെ പ്രോസസ്സ് ചെയ്യപ്പെടും. സാധാരണയായി 5–7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലാണ് റീഫണ്ട് നടക്കുക. എന്നാൽ നിങ്ങൾ ക്യാഷ് പെയ്മെന്റ് ആണ് നടത്തിയതെങ്കിൽ ബുക്കിംഗ് നടത്തിയ വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടറിൽ പോകണം. നിങ്ങളുടെ സാധുവായ വിമാന ടിക്കറ്റും ഐഡി പ്രൂഫും ഹാജരാക്കിയാൽ അവർ റീഫണ്ട് നടപടി ആരംഭിക്കും. ഏജന്റുമാർ വഴിയോ മൂന്നാം കക്ഷി പോർട്ടലുകൾ വഴിയോ നടത്തിയ ബുക്കിംഗുകൾക്കുള്ള റീഫണ്ടുകൾ യാത്രക്കാരിൽ നിന്ന് റീഫണ്ട് ക്ലെയിം ലഭിച്ചുകഴിഞ്ഞാൽ ആ ഏജൻസികൾ പ്രോസസ്സ് ചെയ്യണം.
വ്യാപകമായ വിമാന റദ്ദാക്കലുകളും കാലതാമസങ്ങളും കാരണം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു . ഇൻഡിഗോ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് ഏകദേശം 3,000 ബാഗേജുകൾ തിരികെ നൽകിയതായി ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ട് പ്രക്രിയ ഞായറാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാക്കാനും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് വേർതിരിച്ച ബാഗേജ് അവരുടെ വിലാസത്തിൽ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ ഇൻഡിഗോയോട് നിർദേശിച്ചതിന് പിന്നാലെയാണിത്.
അതേസമയം, കഴിഞ്ഞ ദിവസം ഏകദേശം 1500 വിമാന സർവീസ് നടത്തിയതിനു ശേഷം ഇന്ന് സേവനങ്ങൾ മെച്ചപ്പെടുത്താനും 1650 വിമാനങ്ങൾ സർവീസ് നടത്താനുമുള്ള ലക്ഷ്യത്തിലാണ് ഇൻഡിഗോ. തുടർച്ചയായ ആറ് ദിവസത്തെ റദ്ദാക്കലുകൾക്കും പ്രവർത്തന തടസ്സങ്ങൾക്കും ശേഷം, തിങ്കളാഴ്ച റദ്ദാക്കലുകളുടെ എണ്ണം കുറഞ്ഞതായാണ് റിപ്പോർട്ട്. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ ഞായറാഴ്ച 220ലധികം വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. വിമാന തടസ്സങ്ങളെക്കുറിച്ച് ഇൻഡിഗോ ഒരു “റൂട്ട് കോസ് അനാലിസിസ്” നടത്തുമെന്നും ഡിസംബർ 10ഓടെ പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എയർലൈനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു .
നേരത്തെ, വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടു. വിശ്വസനീയമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സമയബന്ധിതമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ എൽബേഴ്സ് പരാജയപ്പെട്ടുവെന്ന് ഡിജിസിഎ നോട്ടീസിൽ പറയുന്നു.
IndiGo’s operational crisis enters its sixth day with over 650 cancellations. Learn how to claim a full refund or rebook your flight if your travel is affected by the delays or cancellations, as per DGCA rules.
