ട്രെയിനുകളിലെ ലോവർ ബെർത്തിന്റെ കാര്യത്തിൽ സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. വയോധികർ, 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ലോവർ ബെർത്തിന് മുൻഗണന ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഓട്ടോമാറ്റിക് ലോവർ ബെർത്ത് അലോട്ട്മെന്റുകൾ, ക്ലാസുകളിലുടനീളം സംവരണം ചെയ്ത ക്വാട്ടകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, സംയോജിത ബ്രെയ്ലി സൈനേജ് എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകൾക്കും വയോധികർക്കും ഓട്ടോമാറ്റിക് ലോവർ ബെർത്ത് അലോട്ട്മെന്റ് പ്രകാരം ലോവർ ബെർത്ത് നൽകും. ലഭ്യതയെ അടിസ്ഥാനമാക്കിയാകും സ്വയമേവ ലോവർ ബെർത്തുകൾ അനുവദിക്കുക. ഗർഭിണികൾക്കും ഇത്തരത്തിൽ ലോവർ ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ട്. വയോധികർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി ഓരോ കോച്ചിലും ഇനി മുതൽ നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ റിസർവ് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. സ്ലീപ്പർ ക്ലാസിൽ 6–7 ലോവർ ബെർത്തുകൾ റിസർവ് ചെയ്തിട്ടുണ്ട്. തേർഡ് എസിയിൽ 4–5 ലോവർ ബെർത്തുകൾ; സെക്കൻഡ് എസിയിൽ 3–4 ലോവർ ബെർത്തുകൾ എന്നിങ്ങനെയാണ് വയോധികർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്നത്. ട്രെയിനിലെ അതാത് ക്ലാസുകളിലെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് റിസർവ് ചെയ്ത ബെർത്തുകളുടെ എണ്ണം വ്യത്യാസപ്പെടാമെന്ന് റെയിൽവേ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്ക് പ്രത്യേക ക്വാട്ട അനുവദിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം. രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകൾ ഉൾപ്പെടെ എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്കും അവരുടെ സഹായികൾക്കും വേണ്ടി പ്രത്യേക റിസർവേഷൻ ക്വാട്ട നീക്കിവെച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ), 3AC/3E-യിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ), റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ (2S) നാല് സീറ്റുകൾ/എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ (CC) എന്നിങ്ങനെയാണ് മറ്റ് ക്ലാസുകളിൽ അവർക്ക് അനുവദിച്ചിരിക്കുന്ന ബെർത്തുകൾ. ഇതിനുപുറമേ ഭിന്നശേഷിക്കാർക്ക് പ്രത്യേക കമ്പാർട്ടുമെന്റുകളും പ്രവേശന സവിശേഷതകളും ലഭ്യമാണ്. മിക്കവാറും എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷി യാത്രക്കാർക്കായി പ്രത്യേക കോച്ചുകളുണ്ട്. ഈ കോച്ചുകളിൽ വീതിയേറിയ പ്രവേശന വാതിലുകൾ, വലിയ ബെർത്തുകൾ, വിശാലമായ ടോയ്ലറ്റുകൾ, ഗ്രാബ് റെയിലുകൾ, വീൽചെയർ പാർക്കിംഗ് ഏരിയകൾ, അനുയോജ്യമായ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികൾ, വാഷ് ബേസിനുകൾ എന്നിവയുണ്ടാകും. കാഴ്ചാ വൈകല്യമുള്ള യാത്രക്കാരെ സഹായിക്കുന്നതിന് ബ്രെയിൽ ലിപി കൊണ്ടുള്ള സൈനേജുകളും ലഭ്യമാക്കും.
വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളിലും വിപുലമായ പ്രവേശന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യത്തേയും അവസാനത്തേയും കോച്ചുകളിൽ വീൽചെയർ സ്ഥലങ്ങൾ, വിശാലമായ ഭിന്നശേഷി അനുയോജ്യ ടോയ്ലറ്റുകൾ, എളുപ്പത്തിൽ ബോർഡിംഗിനും ഡീബോർഡിംഗിനും വേണ്ടി മോഡുലാർ റാമ്പുകൾ എന്നിവ സജ്ജമാക്കി.
Indian Railways introduces automatic lower berth allotment and reserved quotas for senior citizens, women over 45, pregnant women, and Persons with Disabilities (PwDs) across all mail/express trains.
