യുപിഐ പേയ്മെന്റുകളുടെ വരവോടെ പോക്കറ്റിലും പേഴ്സിലും പണം കൊണ്ടുനടക്കുന്ന കാലം പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എല്ലാം മൊബൈലിലേക്ക് കൂടുവിട്ട് കൂടുമാറിയിരിക്കുന്നു. എന്നാൽ അവിടെയും ചെറിയ പ്രശ്നമുണ്ട്-നെറ്റ്‌വർക്ക് ലഭ്യത. ഇന്റർനെറ്റ് ഇല്ലെങ്കിൽ യുപിഐ പേയ്മെന്റുകൾ നടത്താനാകില്ല എന്നാണ് പലരുടേയും ധാരണ. എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. നെറ്റ്‌വർക്ക് കവറേജ് കുറവോ ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുഎസ്എസ്‍ഡി (USSD) അധിഷ്‌ഠിത യുപിഐ സേവനം വഴി പണമിടപാടുകൾ നടത്താനാകും. ഇൻറർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെൻറുകൾ എങ്ങനെ നടത്താമെന്ന് അറിയാം.

UPI Payment Without Internet

യുഎസ്എസ്‍ഡി അധിഷ്‌ഠിത സേവനം ഉപയോഗിച്ച് ഇൻറർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ യുപിഐ പേയ്‌മെൻറുകൾ നടത്താം. നിങ്ങളുടെ ഫോൺ നമ്പർ പേയ്‌മെൻറ് നടത്താൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. റജിസ്റ്റർ ചെയ്‌ത നമ്പർ ഇല്ലാതെ, ഈ പ്രത്യേക യുപിഐ സേവനം ഉപയോഗിക്കാനാകില്ല. മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ബാങ്കിൻറെ ആപ്പിലോ വെബ്‌സൈറ്റിലോ യുപിഐ പിൻ സജ്ജീകരിക്കണം. ഇത്തരത്തിൽ പിൻ സജ്ജീകരണം പൂർത്തിയായാൽ എളുപ്പത്തിൽ ഓഫ്‌ലൈൻ പണമിടപാടുകൾ നടത്താം.

ബാങ്ക് അക്കൗണ്ടിൽ റജിസ്റ്റർ ചെയ്‌തിട്ടുള്ള ഏതൊരു മൊബൈൽ ഫോണിൽ നിന്നും *99# ഡയൽ ചെയ്‌തുകൊണ്ട് ഓഫ്‌ലൈൻ യുപിഐ പേയ്‌മെൻറ് ചെയ്യാം. മൊബൈൽ ഡാറ്റയോ വൈ-ഫൈയോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന യുഎസ്എസ്‌ഡി അധിഷ്ഠിത സംവിധാനം ഇന്ത്യയിലുടനീളമുള്ള 83 ബാങ്കുകളിലൂടെയും നാല് ടെലികോം ദാതാക്കളിലൂടെയുമാണ് ലഭ്യമാക്കുന്നത്. ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ 13 ഭാഷകളിൽ സേവനം ലഭ്യമാണ്. ഉപയോക്താക്കൾക്ക് അതാത് മാതൃഭാഷയിൽ മെനു നാവിഗേറ്റ് ചെയ്യാനുമാകും. നെറ്റ്‌വർക്ക് ലഭ്യമല്ലാത്തപ്പോഴോ, മൊബൈൽ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയാത്തപ്പോഴോ ഇത് ഉപകാരപ്പെടും. സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവർക്കും സേവനം ഏറെ ഉപയോഗപ്രദമാണ്. ലളിതമായ ടെക്സ്റ്റ് അധിഷ്‌ഠിത മെനു ഉപയോഗിച്ച് അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ പ്രാപ്‌തമാക്കുന്നതിനാണ് നാഷണൽ പേയ്‌മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ സംവിധാനം അവതരിപ്പിച്ചത്.

ഓഫ്‌ലൈൻ യുപിഐ പേയ്‌മെൻറ് ആക്ടിവേറ്റ് ചെയ്യാൻ:

1. ഫോണിൽ *99# ഡയൽ ചെയ്യുക.

2. നൽകിയിരിക്കുന്ന 13 ഓപ്ഷനുകളിൽ നിന്ന് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.

3. ആവശ്യപ്പെടുമ്പോൾ, ബാങ്കിൻറെ ഐഎഫ്‍സി കോഡ് നൽകുക.

4. ഉപയോക്താവിൻറെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടുകളുടെ പട്ടികയിൽ, നിങ്ങൾ ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പർ നൽകുക.

5. സ്ഥിരീകരണത്തിനായി ഡെബിറ്റ് കാർഡിൻറെ അവസാന ആറ് അക്കങ്ങളും അതിൻറെ എക്സ്പെയറി ഡേറ്റും നൽകുക.

6. വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ച് ഓഫ്‌ലൈൻ യുപിഐ സവിശേഷത പ്രവർത്തനക്ഷമമാകുന്നതാണ്. ഈ ഓപ്ഷൻ വഴി യുഎസ്എസ്‍ഡി കമാൻഡ് പ്രാപ്‍തമാക്കുകയും അതിലൂടെ ഇൻറർനെറ്റ് ആക്‌സസ് ചെയ്യാതെ തന്നെ പേയ്‌മെൻറുകൾ നടത്താനും സാധിക്കും.

പണമയക്കാൻ:
1. നിങ്ങളുടെ റജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് *99# ഡയൽ ചെയ്യുക.
2. സ്‌ക്രീനിൽ തെളിയുന്ന മെനുവിൽ നിന്ന്, പണം അയക്കാൻ 1 അമർത്തുക.
3. പണം സ്വീകരിക്കേണ്ടയാളുടെ യുപിഐ ഐഡി, യുപിഐ ഐഡിയുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ഐഎഫ്‌എസ്‌സി കോഡ് സഹിതം ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകുക.
4. പണം എത്രയെന്ന് ടൈപ്പ് ചെയ്യുക (പരമാവധി 5000 രൂപ).
5. ട്രാൻസാക്ഷൻ പൂർത്തീകരിക്കാനായി യുപിഐ പിൻ സമർപ്പിക്കുക.

ചില പ്ലാറ്റ്‌ഫോമുകളിൽ ബാങ്ക് തിരഞ്ഞെടുക്കൽ അല്ലെങ്കിൽ മെനു ഓപ്ഷനുകൾ വ്യത്യസ്തമായിരിക്കാൻ സാധ്യതയുണ്ട്. പക്ഷേ 83 ബാങ്കുകൾക്കും പൊതുവായ ഘട്ടങ്ങൾ സമാനമാണ്.

ശ്രദ്ധിക്കുക: പണമയക്കുമ്പോൾ ബെനിഫിഷ്യറി യുപിഐ ഐഡി, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ യുപിഐ പിൻ മറ്റൊരാളുമായി പങ്കുവെയ്ക്കരുത്. പരമാവധി ട്രാൻസാക്ഷൻ പരിധി ₹5,000 ആണ്. ഏറ്റവും സുരക്ഷിതമായ പ്രവർത്തനത്തിന് ബാങ്ക് അല്ലെങ്കിൽ നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI) നൽകുന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കുക.

Learn how to make UPI payments without mobile data or internet access using the *99# USSD-based service, available in 13 languages across 83 banks. Maximum transaction limit is ₹5,000.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version