അടുത്ത ആറ് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് ഇന്ത്യയിൽ 12 ട്രില്യൺ രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി ചെയർമാൻ ഗൗതം അദാനി. അടിസ്ഥാന സൗകര്യങ്ങൾ, ഖനനം, പുനരുപയോഗ ഊർജം, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലാണ് വൻ നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ വലിയ നിക്ഷേപ സാധ്യതകളാണ് അദാനി ഗ്രൂപ്പ് കാണുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ₹10 മുതൽ 12 ട്രില്യൺ വരെ നിക്ഷേപിക്കും. സ്വാശ്രയത്വം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വ്യവസായികളും എല്ലാ ഗ്രൂപ്പുകളും അതിനായി പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഊർജ പരിവർത്തനം, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിർദിഷ്ട നിക്ഷേപം നടക്കുകയെന്നും അദാനി പിടിഐയോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പുനരുപയോഗ ഊർജ കമ്പനികളിൽ ഒന്നായി മാറുന്നതിനാണ് അദാനി ഗ്രൂപ്പ് നിക്ഷേപം ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത ദശകത്തേക്കുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന വലിയ തോതിലുള്ള വിപുലീകരണത്തിന് ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. 520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്ക് ഗുജറാത്തിലെ ഖാവ്ഡയിൽ നിർമിക്കുന്നു. 2030 ആകുമ്പോഴേക്കും പൂർണ ശേഷിയിൽ എത്തുന്നതോടെ ഈ പാർക്ക് 30 GW ഹരിത ഊർജം ഉത്പാദിപ്പിക്കും. ഇത് പ്രതിവർഷം 60 ദശലക്ഷത്തിലധികം വീടുകൾക്ക് വൈദ്യുതി നൽകുന്നതിന് തുല്യമാണ്-അദ്ദേഹം പറഞ്ഞു.
ഇതിനുപുറമേ മൈനിംഗ് ആൻഡ് മെറ്റീരിയൽസിൽ വിവിധ അയിരുകൾ വേർതിരിച്ചെടുക്കുന്നത് മുതൽ ലോഹങ്ങൾ, അലോയ്കൾ, ഫിനിഷ്ഡ് ഉത്പന്നങ്ങൾ എന്നിവ നിർമിക്കുന്നത് വരെയുള്ളവ വികസിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനിയും സംഘവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് അവയെല്ലാം “പാർട്ട് ഓഫ് ദി ഗെയിം ആൻഡ് ജേർണി” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യൻ വ്യവസായം ഇന്ന് രാഷ്ട്രനിർമാണത്തിൽ പങ്കാളിയായി സ്വയം കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Gautam Adani confirms the Adani Group will invest up to ₹12 trillion in India over the next six years, focusing on infrastructure, renewable energy, and ports, viewing the current challenges as integral to the entrepreneurial journey
