കൃഷിയിലും ശാസ്ത്രത്തിലും ഇന്ത്യയുടെ നേട്ടങ്ങൾ പലപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ ആ വിജയങ്ങൾക്ക് പിന്നിലെ മഹാപ്രതിഭകളെ രാജ്യം പലപ്പോഴും അവഗണിക്കുന്നു. അതിന് ഉദാഹരണമാണ് ഡോ. ജാനകി അമ്മാൾ. ഇന്ത്യയുടെ കരിമ്പ് വ്യവസായത്തെ മാറ്റിമറിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സസ്യശാസ്ത്രജ്ഞയാണ് തലശേരി സ്വദേശിയായ ജാനകി അമ്മാൾ. കാർഷിക രംഗത്ത് നിർണായക സംഭാവനകൾ നൽകിയിട്ടും, സ്കൂളുകളിൽ പോലും അവരുടെ പേര് വളരെ അപൂർവമായി മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള യുവതലമുറയ്ക്ക് പോലും അവരുടെ കഥ അജ്ഞാതമായി തുടരുന്നു. കഴിഞ്ഞ ദിവസം വ്യവസായി ആനന്ദ് മഹീന്ദ്ര ജാനകി അമ്മാളിന്റെ പ്രവർത്തനങ്ങളെ എക്സ് പോസ്റ്റിൽപ്രകീർത്തിച്ചു. ധൈര്യത്തിന്റെയും അഭിലാഷത്തിന്റെയും സേവനത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് ജാനകി അമ്മാൾ എന്നാണ് മഹീന്ദ്ര അവരെ വിശേഷിപ്പിച്ചത്.

ലോകത്തിലെ രണ്ടാമത്തെ വലിയ കരിമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നിട്ടും അത് സാധ്യമാക്കിയ സ്ത്രീ നമ്മുടെ ചരിത്രത്തിൽ വിസ്മൃതയായി. അസാധാരണമായ ധൈര്യത്തിന്റെയും അഭിലാഷത്തിന്റെയും സേവനത്തിന്റെയും കഥയാണ് അവരുടേത്. ഇന്ത്യൻ യുവതയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവർ അസാധാരണ മാതൃകയാണ്. പൊതുവിജ്ഞാന ക്വിസിൽ ഇന്ന് എത്ര കുട്ടികൾക്ക് അവരുടെ പേര് പറയാൻ കഴിയും?-ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ ചോദിച്ചു.
ഇന്ത്യയിലെ ആദ്യ വനിതാ സസ്യശാസ്ത്രജ്ഞ എന്നാണ് ജാനകി അമ്മാൾ അറിയപ്പെടുന്നത്. 1897ൽ തലശേരിയിൽ ജനിച്ച അവർ ഇന്ത്യൻ സ്ത്രീകളുടെ സാക്ഷരതാനിരക്ക് ഒറ്റസംഖ്യയിൽ ഒതുങ്ങിനിന്ന കാലത്ത്, 1931ൽ, അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി. ബോട്ടണി അധ്യാപികയായും ഷുഗർകെയ്ൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജനിതകശാസ്ത്രജ്ഞയായും കരിയറിന്റെ ആദ്യകാലം ചിലവഴിച്ച അവർ പിന്നീട് ഇംഗ്ലണ്ടിലെ ജോൺ ഇന്നസ് ഹോർട്ടിക്കൾച്ചറലും വിസ്ലെയിലെ റോയൽ ഹോർട്ടിക്കൾചറൽ സൊസൈറ്റിയിലും പ്രവർത്തിച്ചു.
1950കളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അമ്മാൾ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ (BSI) പുനഃസ്സംഘടിപ്പിക്കുന്നതിലും ഭക്ഷ്യോത്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങളിലും പ്രധാന പങ്കുവഹിച്ചു. അലഹാബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി, ജമ്മുവിലെ റീജിയണൽ റിസർച്ച് ലബോറട്ടറി, ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ എന്നിവിടങ്ങളിലെല്ലാം അവർ പ്രവർത്തിച്ചു. ഫെല്ലോ ഓഫ് ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ്, ഫെല്ലോ ഓഫ് ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി തുടങ്ങിയ സ്ഥാനങ്ങളിലേക്കും ജാനകി അമ്മാൾ തിരഞ്ഞെടുക്കപ്പെട്ടു. മിഷിഗൺ യൂണിവേർഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്, ഇന്ത്യ ഗവണ്മെന്റിന്റെ പത്മശ്രീ എന്നീ പുരസ്കാരങ്ങളും അമ്മാളിനെ തേടിയെത്തി. 1970കൾ മുതൽ 1984 ഫെബ്രുവരിയിൽ മരിക്കുന്നത് വരെ മദ്രാസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ അവർ ശാസ്ത്രജ്ഞയായി പ്രവർത്തിച്ചു.
Industrialist Anand Mahindra took to X to remember Dr. Janaki Ammal, India’s first woman botanist from Kerala, whose pioneering work in hybrid sugarcane cross-breeding revolutionized the country’s sugarcane industry
