വൻകിട ടെക് കമ്പനികൾക്ക് നിക്ഷേപിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട പുതിയ സ്ഥലമായി ഇന്ത്യ മാറുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം, മൈക്രോസോഫ്റ്റിൽ നിന്നും ആമസോണിൽ നിന്നും ഇന്ത്യ 52 ബില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപങ്ങൾ നേടിയെടുത്തു. നിർമിതബുദ്ധി മേഖലയിലെ മുന്നേറ്റത്തിനിടയിൽ ആഗോള എഐ രംഗത്ത് രാജ്യത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യമാണ് ഇതിലൂടെ വെളിവാകുന്നത്.
മൈക്രോസോഫ്റ്റിനും ആമസോണിനും പുറമേ ഗൂഗിൾ, ഇന്റൽ തുടങ്ങിയ ടെക് ഭീമന്മാരും ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവ രാജ്യത്തിന്റെ എഐ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സമീപ ദിവസങ്ങളിൽ ഏകദേശം 67.5 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് ഇന്ത്യ കണ്ടത്. ഡിസംബർ 10ന്, ആമസോൺ 2030ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ചെയ്തു. കയറ്റുമതി വിപുലീകരിക്കാനും, ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാജ്യത്ത് എഐ അടിസ്ഥാനമാക്കി വികസിപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിൽ എഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി, മൈക്രോസോഫ്റ്റ് അതിന്റെ ഡാറ്റാ സെന്റർ ശേഷി വർധിപ്പിക്കും. ഇതോടൊപ്പം പ്രാദേശിക തൊഴിലാളികളെ പരിശീലിപ്പിക്കുക, സാങ്കേതിക കഴിവുകൾ വികസിപ്പിക്കുക എന്നിവയ്ക്കും ഊന്നൽ നൽകും. ഏഷ്യയിലെ മൈക്രോസോഫ്റ്റിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്.
ഒക്ടോബറിൽ, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, ആന്ധ്രാപ്രദേശിൽ എഐ ഡാറ്റാ ഹബ് നിർമിക്കുന്നതിനായി ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്തുള്ള സൗകര്യം 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗിളിന്റെ എഐ കേന്ദ്രങ്ങളുടെ ആഗോള ശൃംഖലയുടെ ഭാഗമാകും. അമേരിക്കയ്ക്ക് പുറത്ത്, കമ്പനി നിക്ഷേപിക്കാൻ പോകുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിതെന്ന് നിക്ഷേപ പ്രഖ്യാപന വേളയിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞിരുന്നു.
ഇന്ത്യയിലെ സെമികണ്ടക്ടർ, സിസ്റ്റം നിർമാണം, പാക്കേജിംഗ്, എഐ കമ്പ്യൂട്ട് വിപണി എന്നിവ മെച്ചപ്പെടുത്തുന്നതിനായി മുൻനിര ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ ഡിസംബർ 8ന് ടാറ്റ ഗ്രൂപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ആഭ്യന്തര സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായിട്ടാണ് ടാറ്റാ ഗ്രൂപ്പ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇതോടൊപ്പം ഇന്റൽ സിഇഒ ലിപ്-ബു ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുഎസിന് പുറത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുമ്പോഴും, ആപ്പിൾ ഈ വർഷം അവരുടെ വിൽപനക്കാർ വഴി ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചു. ഐഫോൺ നിർമാണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, തമിഴ്നാട്ടിലെ പുതിയ ഘടക പ്ലാന്റുകൾക്കായി ഇന്ത്യയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആപ്പിൾ വിതരണക്കാരായ ഫോക്സ്കോൺ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.
ചാറ്റ്ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐ, ഈ വർഷം അവസാനം ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ന്യൂഡൽഹിയിൽ തുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി വിവിധ തസ്തികകൾക്കായി ആളുകളെ നിയമിക്കാൻ തുടങ്ങി. കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയിൽ വലിയ മുന്നേറ്റത്തിന്റെ സൂചനയാണിത്. ഫെബ്രുവരി ആദ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി എഞ്ചിനീയർമാരെയും എഐ വിദഗ്ധരെയും നിയമിച്ചുകൊണ്ട് ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു.
India is emerging as a preferred destination for global tech giants like Microsoft ($17.5B), Amazon ($35B), and Google ($15B), with commitments totaling $67.5 billion recently, focusing on building AI and cloud infrastructure.
