ദേശീയപാതയിൽ ഇടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നിർദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടേയും നിർമാണം മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഫ്ലൈഓവർ-കം-അണ്ടർപാസ് നിർമാണം സംബന്ധിച്ച് ഹൈബി ഈഡൻ എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേശീയപാത 66 വീതികൂട്ടുന്ന പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവറുകൾ നിർമിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഫ്ലൈഓവറുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എൻഎച്ച് 66, എൻഎച്ച് 544 എന്നിങ്ങനെ രണ്ട് ദേശീയ പാതകൾ കൂടിച്ചേരുന്ന പ്രധാന ജംഗ്ഷനാണ് ഇടപ്പള്ളി. അതുകൊണ്ടുതന്നെ ഈ പ്രദേശം കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്നതായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും എൻഎച്ച് 66 വീതി കൂട്ടുന്നതിന്റെ ഭാഗമായും 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവറുകളുടെ (ഫ്ലൈഓവർ-കം-അണ്ടർപാസ്) നിർമാണം നിർദേശിച്ചിരുന്നു. ഈ ഫ്ലൈഓവറുകളുടെ ഘടനാപരമായ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്ലൈഓവറുകളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം നിലവിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുതുക്കിയ സമയപരിധി പ്രകാരം 2026 മെയ് മാസത്തിൽ നിർമാണം പൂർത്തിയാകും. കൂടാതെ, പ്രധാന ജംഗ്ഷനുകളിൽ തത്സമയം ഗതാഗതം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ മറ്റ് തിരക്കേറിയ ജംഗ്ഷനുകളിൽ സമാനമായ ഫ്ലൈഓവർ-കം-അണ്ടർപാസ് മോഡലുകൾ കൊണ്ടുവരാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, ഗ്രേഡ്-സെപ്പറേറ്റഡ് ഘടനകൾ, എലിവേറ്റഡ് ഇടനാഴികൾ, ബൈപാസുകൾ, റിംഗ് റോഡുകൾ തുടങ്ങിയവയുടെ ആവശ്യകതയും സ്ഥല ആവശ്യകതകളും നിക്ഷേപവും അനുസരിച്ച് വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
650 മീറ്റർ നീളമുള്ള ഫ്ലൈഓവറുകൾ ഇടപ്പള്ളിയിലെ നിലവിലുള്ള ഫ്ലൈഓവറിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒബറോൺ മാളിന് സമീപം ജംഗ്ഷന്റെ തെക്ക് വശത്തായി ഒരു ഫ്ലൈഓവറും, ലുലു മാളിന്റെ പ്രവേശന കവാടത്തിന് വടക്ക് വശത്തായി മറ്റൊന്നുമാണ് പദ്ധതിയിലുള്ളതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
