2030 ആകുമ്പോഴേക്കും ഇന്ത്യയും റഷ്യയും 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഫാർമ, അഗ്രി, കെമിക്കൽസ് എന്നിവയുൾപ്പെടെ 300ഓളം ഉത്പന്നങ്ങൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് റഷ്യയിലേക്ക് കയറ്റുമതി ചെയ്യാൻ വലിയ സാധ്യതയാണ് ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വലിയ കയറ്റുമതി സാധ്യതയുള്ള 300 ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞ് മുൻഗണന നൽകുകയാണ് രാജ്യം. നിലവിൽ റഷ്യയിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം വെറും 1.7 ബില്യൺ ഡോളർ ആണ്. അതേ സമയം, റഷ്യയുടെ ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതി മൂല്യമാകട്ടെ 37.4 ബില്യൺ ഡോളറും.
ഈ വ്യക്തമായ അസമത്വം ഇന്ത്യയുടെ കയറ്റുമതിയുടെ ഭാവി സാധ്യതയുടെ തെളിവാണ്. കയറ്റുമതി വർദ്ധിപ്പിക്കുന്നത് റഷ്യയുമായുള്ള വ്യാപാരക്കമ്മി നികത്താൻ ഇന്ത്യയെ സഹായിക്കും. ഉത്പന്നങ്ങളുടെ ബാസ്കറ്റ് വിശകലനം ചെയ്താണ് വാണിജ്യ മന്ത്രാലയം ഈ ഉയർന്ന സാധ്യതയുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത്. പ്രധാന മേഖലകളിൽ ഇന്ത്യയുടെ വിതരണ ശേഷിയും റഷ്യയുടെ ആവശ്യകതയും താരതമ്യം ചെയ്താണ് ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത്. 300 ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ഇന്ത്യയുടെ 59 ബില്യൺ ഡോളർ വ്യാപാരക്കമ്മി കുറയ്ക്കാനുള്ള വഴി തുറക്കുകയാണെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, കൃഷി എന്നിവയാണ് ഇന്ത്യയ്ക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന മേഖലകൾ. ഇവയെല്ലാം റഷ്യൻ വിപണിയിലെ ആവശ്യവുമായി പൊരുത്തപ്പെടുന്നവയാണ്. അതേസമയം, റഷ്യയുടെ ഇറക്കുമതി ബാസ്കറ്റിൽ ഇന്ത്യയുടെ പങ്ക് ഏകദേശം 2.3% ആയി തുടരുകയാണ്. മോസ്കോയിൽ നിന്നുള്ള ന്യൂഡൽഹിയുടെ ഇറക്കുമതി 2020ൽ 5.94 ബില്യൺ ഡോളറിൽ നിന്ന് 2024ൽ 64.24 ബില്യൺ ഡോളറായി ഉയർന്നു-അതായത് പത്തിരട്ടിയിലധികം വർധന. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് ഏകദേശം 21% ആണ്. ഇത് പ്രധാന വ്യാപാര പങ്കാളിയെന്ന നിലയിൽ റഷ്യയുടെ പങ്ക് ഉറപ്പിക്കുന്നു. ഹൈഡ്രോകാർബണുകൾക്കൊപ്പം വളങ്ങളും സസ്യ എണ്ണകളുമാണ് മറ്റ് ഇറക്കുമതി ഉത്പന്നങ്ങൾ. കയറ്റുമതി രംഗത്ത്, കൃഷിയും അനുബന്ധ ഉത്പന്നങ്ങളും ശക്തമായ പ്രതീക്ഷകൾ നൽകുന്നു. നിലവിൽ ഇന്ത്യ റഷ്യയിലേക്ക് 452 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. അതേസമയം അവരുടെ ആഗോള ഇറക്കുമതി ആവശ്യകത 3.9 ബില്യൺ ഡോളറിന്റേതാണ്.
റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ വളരെ വലുതാണ്. ഈ 300 ഉത്പന്നങ്ങൾക്ക് മുൻഗണന നൽകുന്നത് ഇന്ത്യ-റഷ്യ വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കും. എഞ്ചിനീയറിംഗ് ഉത്പന്നങ്ങളിൽ സ്മോൾ മെഷീൻസ്, ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ ജെനറിക് മെഡിസിൻസും ആക്ടീവ് ഫാർമ ഇൻഗ്രിഡിയന്റ്സും, കാർഷിക മേഖലയിൽ കൃഷി ഉത്പന്നങ്ങൾക്കു പുറമേ വളങ്ങളും സസ്യ എണ്ണകളുമാണ് പ്രധാനം. വാണിജ്യ മന്ത്രാലയം ഈ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രക്രിയ എളുപ്പമാക്കാനും റഷ്യയിലെ ആവശ്യകതയുമായി ചേർത്ത് ക്രമീകരിക്കാനും വിവിധ നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
