യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തികവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ച നടന്നതായി ജശങ്കർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പതിനാറാമത് ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിലും ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും പങ്കെടുക്കാനായാണ് ജയശങ്കർ യുഎഇയിലെത്തിയത്. ജയശങ്കറിനൊപ്പം യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും സംയുക്തമായി യോഗങ്ങൾക്ക് നേതൃത്വം നൽകി.

വ്യാപാരം, നിക്ഷേപം, ഊർജ, കണക്റ്റിവിറ്റി, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ഇതിനുപുറമേ വികസന പങ്കാളിത്തം, സാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയിലെ സഹകരണം ആഴത്തിലാക്കുന്നതിനായുള്ള ഭാവി പദ്ധതികളിലും ചർച്ച നടന്നു. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായുള്ള ചർച്ചയിൽ തന്ത്രപരമായ വിശ്വാസം വർധിപ്പിക്കുക, സാമ്പത്തിക സഹകരണം വികസിപ്പിക്കുക, ഉഭയകക്ഷി, ത്രികക്ഷി സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്തുക എന്നിങ്ങനെ ഇരു രാജ്യങ്ങളുടേയും നേതൃത്വത്തിന്റെ പങ്കിട്ട കാഴ്ചപ്പാട് ശക്തമാക്കുന്ന തരത്തിലാണ് ചർച്ച നടന്നത്.
External Affairs Minister S. Jaishankar visited the UAE for the 16th India-UAE Joint Commission Meeting, meeting Vice President Sheikh Mansour. Discussions focused on strengthening strategic trust, expanding economic, defence, trade, and connectivity cooperation between the nations.
