അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്ത്യയിലെ ‘ഗോട്ട് ടൂർ’ പര്യവസാനിച്ചു. മെസ്സിയുടെ വരവ് ഒരു സാധാരണ സന്ദർശനം മാത്രമായിരുന്നില്ല. നാല് നഗരങ്ങളിലായി നടന്ന യാത്ര, രാജ്യത്തിന്റെ വിവിധ മുഖങ്ങൾ തുറന്നുകാട്ടിയ റോളർ-കോസ്റ്റർ അനുഭവമായി. നിരാശയും ആനന്ദവും, പിഴവുകളും പ്രത്യേകത നിറഞ്ഞ നിമിഷങ്ങളും ചേർന്ന യാത്രയായി അത് മാറി.
ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെ നേരിൽ കാണാനുള്ള അപൂർവ അവസരമായിരുന്നു ഇത്. എന്നാൽ പലയിടത്തും സംഘാടകരും രാഷ്ട്രീയ നേതാക്കളും ഇതിനെ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള വേദിയാക്കി മാറ്റി. മെസ്സിക്കായി, എല്ലാം പദ്ധതിപ്രകാരം നടന്നില്ലെങ്കിലും, സ്‌നേഹവും ആവേശവും നിറഞ്ഞ സന്ദർശനമായിരുന്നു അത്. ഓരോ നഗരവും സ്വന്തം കഥ പറഞ്ഞു. എല്ലാം ചേർന്നപ്പോൾ, ‘ഗോട്ട്’ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യത്തോടൊപ്പം വൈരുധ്യങ്ങൾ കൊണ്ടും ഓർമിക്കപ്പെടുന്ന ടൂറായി ഇത് മാറി.

കൊൽക്കത്ത: ഫുട്ബോൾ മക്കയിലെ കലാപം
ഇന്ത്യയുടെ ഫുട്ബോൾ മക്കയായി കണക്കാക്കപ്പെടുന്ന കൊൽക്കത്തയിൽ നിന്നാണ് ‘ഗോട്ട് ഇന്ത്യ ടൂർ’ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ തലമുറകളായി ഫുട്ബോളിൽ ജീവിക്കുന്ന നഗരം, മെസ്സിയുടെ സന്ദർശനത്തിൽ ആരാധകരെ കോപത്തിലും ഹൃദയഭംഗത്തിലും ആഴ്ത്തിയ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
സാൾട്ട് ലേക്കിലെ വിവേകാനന്ദ യുവഭാരതിയിൽ ആയിരങ്ങൾ ഒത്തുകൂടി. പലരും 4,500 രൂപയും അതിലധികവും നൽകി ടിക്കറ്റ് വാങ്ങിയവരായിരുന്നു. ടെലിവിഷൻ സ്‌ക്രീനിലൂടെ അല്ലാതെ ഇതിഹാസത്തെ അടുത്ത് കാണാനാകും എന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകൾ തകർന്നു. മെസ്സി മൈതാനത്തെത്തിയതോടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സെലിബ്രിറ്റികളും അവരുടെ കുടുംബങ്ങളും ഫോട്ടോഗ്രാഫർമാരും ചേർന്ന് അദ്ദേഹത്തെ ചുറ്റിവളഞ്ഞു. നിമിഷങ്ങൾക്കകം സുരക്ഷാ സംവിധാനം തളർന്നു. നിശ്ചയിച്ചിരുന്ന ഗ്രൗണ്ട് ലാപ് നടന്നില്ല; പത്ത് മിനിറ്റിൽ താഴെ സമയംകൊണ്ട് മെസ്സിയെ തിരിച്ചുകൊണ്ടുപോകേണ്ടതായും വന്നു.
യാഥാർത്ഥ്യം ബോധ്യമായതോടെ സ്റ്റാൻഡുകളിൽ നിരാശ പടർന്നു. മണിക്കൂറുകൾ കാത്തിരുന്ന ആരാധകർ വഞ്ചിക്കപ്പെട്ടതായി തോന്നി. കുപ്പികൾ ഗ്രൗണ്ടിലേക്കെറിയപ്പെട്ടു; ഹോർഡിങ്ങുകൾ തകർക്കപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേന ഇടപെട്ടു. സോഷ്യൽ മീഡിയയിൽ ആഹ്ലാദത്തിന് പകരം അശാന്തിയുടെ ദൃശ്യങ്ങളാണ് നിറഞ്ഞത്. സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി മാപ്പ് പറഞ്ഞു; അന്വേഷണം പ്രഖ്യാപിച്ചു; സംഘാടകനെ കസ്റ്റഡിയിലെടുത്തു; പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തു. രാഷ്ട്രീയ കുറ്റപ്പെടുത്തലുകളും തുടർന്നു. എങ്കിലും തോറ്റത് ആരാധകരാണ്. ഇന്ത്യയുടെ ഫുട്ബോൾ ഹൃദയഭൂമിയിൽ മെസ്സിയുടെ യാത്ര ആരംഭിച്ചത് നിരാശയോടെയും ദേശീയ നാണക്കേടോടെയും ആയിരുന്നു.
ഹൈദരാബാദ്: ഫുട്ബോളിലേക്കുള്ള ശ്രദ്ധയോടെ പുതുതുടക്കം
കൊൽക്കത്തയിലെ ‘കലാപത്തിന്’ ശേഷം, ഹൈദരാബാദ് ഘട്ടം ‘റീസെറ്റ്’ പോലെയായി. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് എത്തിയ ആരാധകർ അമിത പ്രതീക്ഷകളില്ലാതെയായിരുന്നു വന്നത്. ദൃശ്യവ്യക്തതയും ക്രമവും ബഹുമാനവും മാത്രമാണ് അവർ ആവശ്യപ്പെട്ടത്; അത് അവർക്ക് ലഭിക്കുകയും ചെയ്തു.
ജനക്കൂട്ട നിയന്ത്രണം കൃത്യമായിരുന്നു. കാഴ്ച മറച്ചില്ല. അന്തരീക്ഷം ശാന്തവും ആസൂത്രിതവുമായിരുന്നു. പരിപാടി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുത്ത സൗഹൃദ മത്സരത്തോടെ ആരംഭിച്ചു. ഫുട്ബോൾ കഴിവിനേക്കാൾ അദ്ദേഹത്തിന്റെ ആവേശമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അതിലും പ്രധാനമായി, മെസ്സിയെ വളയരുതെന്ന് അദ്ദേഹം നിർദേശിച്ചു; ആരാധകർക്ക് താരത്തെ വ്യക്തമായി കാണാൻ അവസരമൊരുക്കി. ആ ലളിതമായ നടപടി തന്നെ പ്രശംസ നേടി. ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഒപ്പമെത്തിയപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി. വിഐപി തിരക്കോ അമിത സുരക്ഷയോ ഇല്ലാതെ, പുഞ്ചിരിയോടെ മെസ്സി മൈതാനത്തെത്തി. കുട്ടികളുമായി ഇടപഴകിയ താരം ഗ്രൗണ്ട് ലാപുകൾ നടത്തിയും സ്റ്റാൻഡുകളിലേക്ക് പന്തുകൾ അടിച്ചുകൊടുത്തും ആരാധകർ കാത്തിരുന്ന നിമിഷങ്ങൾ സമ്മാനിച്ചു.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു ഹൈദരാബാദിലെ മറ്റൊരു സവിശേഷത. അതിന് മുൻപ് സ്വകാര്യ സന്ദർശനത്തിൽ മെസ്സി രാഹുലിന് അടുത്തെത്തിയത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. എന്നാൽ താരത്തെ പിന്തുടരുകയായിരുന്നില്ല രാഹുൽ; മറിച്ച് അദ്ദേഹം പിന്നിൽ നിന്നു, കുട്ടികൾക്ക് മുൻഗണന നൽകി. ഹ്രസ്വ പ്രസംഗത്തിൽ മെസ്സി നന്ദി പറഞ്ഞു. കൊൽക്കത്തയിലെ പാളിച്ചയ്ക്ക് ഹൈദരാബാദിലൂടെ രാജ്യം പ്രായശ്ചിത്തം ചെയ്തുവെന്നു പറയാം.
മുംബൈ: വികാരവും ക്രമവും വിജയിച്ച രാത്രി
ഹൈദരാബാദ് മെസ്സിയുടെ യാത്രയെ സ്ഥിരപ്പെടുത്തി; എന്നാൽ മുംബൈ അതിനെ വീണ്ടും ഉയർത്തി. ഡിസംബർ 14ന് വാങ്കഡെയിൽ നടന്ന പരിപാടി ആസൂത്രണവും സന്തോഷവും ഒത്തുചേർന്ന രാത്രിയായി. മെസ്സിക്കൊപ്പം ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രിയും ശ്രദ്ധ നേടി. മെസ്സിയും സച്ചിൻ ടെൻഡുൽക്കറും ഒരേ വേദിയിലെത്തിയത് വാങ്കഡെയിലെ മറ്റൊരു ചരിത്രദൃശ്യമായി. കുട്ടികളോടൊപ്പം പന്ത് തട്ടിയും, സൗഹൃദ പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുത്തും, ‘പ്രോജക്റ്റ് മഹാദേവ’യിലെ കുട്ടികളുമായി ഇടപഴകിയും മുംബൈയിലെ ഗോട്ട് ടൂർ കളറാക്കി. മെസ്സിക്കൊപ്പം സുവാരസും ഡി പോളും ചേർന്ന് ആരാധകരെ ആവേശത്തിലാഴ്ത്തി. പ്ലാനിംഗും നിയന്ത്രണവും ചേർന്നാൽ ടൂർ എങ്ങനെയാകാമെന്ന് മുംബൈ കാണിച്ചു.
ഡൽഹി: വൈകിയെത്തൽ, യോജിച്ച വിട
അവസാന ഘട്ടം അനിശ്ചിതത്വത്തോടെ ആരംഭിച്ചു. മൂടൽമഞ്ഞ് കാരണം മെസ്സിയുടെ വിമാനം വൈകി; ഷെഡ്യൂൾ പാളി. ആരാധകർ കാത്തിരുന്നു. മെസ്സി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തുമ്പോൾ, 30 മിനിറ്റ് മാത്രം സമയമേ അനുവദിക്കാനായുള്ളൂ. ആരാധകർക്ക് അത്രയും മതിയായിരുന്നു. സ്റ്റാൻഡുകൾ നിറഞ്ഞു. അർജന്റീന ജഴ്‌സികൾ നിറഞ്ഞു. മുദ്രാവാക്യങ്ങൾ ഉയർന്നു. പുഞ്ചിരിയോടെ ഗ്രൗണ്ടിലിറങ്ങിയ താരം കൈവീശി, ഗ്രൗണ്ട് ലാപ് നടത്തി, സുവാരസിനും ഡി പോളിനുമൊപ്പം പന്ത് തട്ടിയും കുട്ടികളോടൊപ്പം സമയം ചിലവഴിച്ചും പരിപാടി കൊഴുപ്പിച്ചു. മിനെർവ അക്കാഡമി ടീമിന് ആദരം നൽകി. പിന്നീട് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ മെസ്സി മടങ്ങിവരുമെന്ന് ഉറപ്പുനൽകി. മെസ്സിയുടെ സ്പാനിഷ് അധികമാർക്കും മനസ്സിലായില്ല; പക്ഷേ വികാരം എല്ലാവർക്കും മനസ്സിലായി. ജയ് ഷാ 2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റും ഇന്ത്യയുടെ നമ്പർ 10 ജഴ്‌സിയും മെസ്സിക്ക് സമ്മാനിച്ചു; സുവാരസിനും ഡി പോളിനും ജഴ്‌സികളും നൽകി.
ക്രിക്കറ്റിന്റെ നിഴലിൽ നഷ്ടപ്പെട്ട ഫുട്ബോൾ നിമിഷം
ആവേശത്തിന്റെയും കാഴ്ചയുടെയും പിന്നിൽ, മെസ്സിയുടെ സന്ദർശനം ഒരു അസ്വസ്ഥ ചോദ്യം അവശേഷിപ്പിക്കുന്നു. ഘടനയും സ്ഥിരതയും തേടുന്ന ഇന്ത്യൻ ഫുട്ബോളിന്, ‘ഗോട്ട് ടൂർ’ അപൂർവ അവസരമായിരുന്നു. എന്നാൽ പല നിമിഷങ്ങളിലും ആ അവസരം ക്രിക്കറ്റ് കൊണ്ടും ക്രിക്കറ്റ് ‘മേലാളൻമാരുടെ’ സാന്നിദ്ധ്യം കൊണ്ടും ആധിപത്യം ചെലുത്തുന്നതാണ് കണ്ടത്.
ജഴ്‌സി കൈമാറ്റങ്ങൾ മുതൽ ക്രിക്കറ്റ് ഇതിഹാസങ്ങളും ഭരണാധികാരികളും വേദിയുടെ സിംഹഭാഗം കൈയ്യടക്കിയതു വരെ, ‘ഗോട്ട് ടൂർ’ പലപ്പോഴും ഒരു ‘ക്രോസ്ഓവർ’ പരിപാടിയായി മാറി, മാറ്റപ്പെട്ടു. ഫുട്ബോൾ രണ്ടാം നിരയിലായെന്ന തോന്നൽ ശക്തമായി. കുട്ടികളുമായുള്ള ഇടപഴകലുകളും അക്കാഡമി അംഗീകാരങ്ങളും പ്രതീക്ഷയുടെ കിരണങ്ങളായിരുന്നെങ്കിലും, ഫുട്ബോൾ വളർച്ചയ്ക്ക് മെസ്സിയുടെ സന്ദർശനം യഥാർത്ഥത്തിൽ ശക്തി കൂട്ടിയോ എന്ന ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.
Lionel Messi’s ‘GOAT Tour’ across four Indian cities ended with a mix of chaos and cheers. Despite moments of magic, the question remains: Did the event truly boost Indian football, or was it overshadowed by cricket and celebrity politics?
