ബ്യൂട്ടിപാർലർ തുടങ്ങുന്നത് പുതുമയുള്ള ആശയമല്ല. എന്നാൽ ആ ആശയം രാജ്യവ്യാപകവും അന്തർദേശീയവുമായ വിജയകരമായ സംരംഭമാക്കുന്നതിലാണ് നാച്ചുറൽസ് സലോൺ ബ്രാൻഡിന്റെ പ്രത്യേകതയെന്ന് നാച്ചുറൽസ് സലോൺ സഹസ്ഥാപകനും സിഎംഡിയുമായ സി.കെ. കുമരവേൽ. സ്ത്രീകൾക്ക് കഴിവും ശേഷിയുമുണ്ട്, എന്നാൽ സമൂഹം സൃഷ്ടിച്ച ചില തടസ്സങ്ങൾ അവരെ പിന്നോട്ട് നിർത്തുന്നതായും ചാനൽ അയാം ഷീ പവർ വേദിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഷീ പവർ പോലുള്ള പരിപാടികൾ സ്ത്രീകൾക്ക് ആത്മവിശ്വാസവും ദിശയും നൽകും.ഇത്തരം വേദികൾ സ്ത്രീ സംരംഭകർക്ക് ആത്മവിശ്വാസവും വ്യക്തതയും വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

നല്ല ആളുകളുടെ കൈകളിൽ പണവും അധികാരവും എത്തിയാൽ രാജ്യം വളരും. അതേസമയം സ്ത്രീകളുടെ കൈകളിൽ പണവും അധികാരവും എത്തിയാൽ രാജ്യം കൂടുതൽ മികച്ചതാകും. ബ്രാൻഡിന്റെ സ്ഥാപക തന്റെ ഭാര്യ വീണയാണ്. ഇത് സ്ത്രീനേതൃത്വ ബ്രാൻഡാണെന്ന കാര്യത്തിൽ അഭിമാനമുണ്ട്. നിലവിലെ 900-ലധികം നാച്ചുറൽസ് സലൂണുകളിൽ 700ഓളം സ്ത്രീകളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധൈര്യമാണ് സംരംഭത്തിൽ പ്രധാനമായും വേണ്ട ഗുണമെന്നും ആ ധൈര്യം താൻ ഏറ്റവുമധികം കണ്ടിരിക്കുന്നത് ഭാര്യയും അമ്മയും അടക്കമുള്ള സ്ത്രീകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാച്ചുറൽസ് ബ്രാൻഡിന്റെ വിജയത്തിന്റെ പിന്നിലെ പ്രധാന കാരണം ശക്തമായ സിസ്റ്റവും പ്രോസസുമാണ്. വ്യക്തികൾക്ക് വളരാൻ പരിധിയുണ്ട്. എന്നാൽ സിസ്റ്റങ്ങളും പ്രക്രിയകളും അതിരുകളില്ലാതെ വളരും. ബ്യൂട്ടിപാർലർ ഒരു സാധാരണ ആശയമാണ്. പക്ഷേ അതിനെ ഫ്രാഞ്ചൈസ് മോഡലിലൂടെ സിസ്റ്റമാറ്റിക്കായി മാറ്റിയതാണ് നാച്ചുറൽസിന്റെ പ്രത്യേകതയെന്നും അദ്ദേഹം വിശദീകരിച്ചു.
നാച്ചുറൽസ് ഫ്രാഞ്ചൈസ് നേടാൻ ചില മാനദണ്ഡങ്ങളുണ്ട്. ബ്യൂട്ടി ബിസിനസിനോടുള്ള താൽപര്യവും പാഷനും, ഉടമയായി നേരിട്ട് പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പും, ടീമിനെ നയിക്കാനുള്ള കഴിവും, മികച്ച കസ്റ്റമർ കെയർ മനോഭാവവുമാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം 40–50 ലക്ഷം രൂപ നിക്ഷേപിക്കാനുള്ള ശേഷിയും ഉണ്ടാകണം. അതേസമയം, ബ്യൂട്ടി ഇൻഡസ്ട്രിയിലെ മുൻപരിചയം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം കാര്യങ്ങൾ തങ്ങൾ പഠിപ്പിക്കും. സിസ്റ്റം പിന്തുടരുക എന്നതാണ് പ്രധാനം-അദ്ദേഹം പറഞ്ഞു. 2026 നാച്ചുറൽസിന് ‘അസാധാരണ വളർച്ചയുടെ വർഷം’ ആയിരിക്കുമെന്നും കുമരവേൽ പറഞ്ഞു. പുതിയ ‘ബ്യൂട്ടി ക്രെഡിറ്റ് കാർഡ്’ മാതൃകയിലുള്ള ഓഫറിലൂടെ 20,000 രൂപ അടച്ചാൽ 30,000 രൂപ മൂല്യമുള്ള സേവനങ്ങൾ ലഭിക്കുന്ന സംവിധാനം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം നെയിൽ ആർട്ട്, ലാഷസ്, പ്രമേഹരോഗികൾക്കായി പ്രത്യേക പെഡിക്യൂർ എന്നിവ പോലുള്ള പുതിയ സേവനങ്ങളും ‘Little Naturals’ എന്ന പേരിൽ കുട്ടികൾക്കായുള്ള പ്രത്യേക സലോൺ കൺസെപ്റ്റും അവതരിപ്പിക്കും. ഇന്ത്യയ്ക്കു പുറമേ പുറമെ ഗൾഫ് രാജ്യങ്ങളിളും നാച്ചുറൽസ് വേഗത്തിൽ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിൽ 250 സലൂണുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discover how Naturals Salon transformed from a local parlor into a global franchise powerhouse with over 700 women-led outlets and ambitious growth plans for 2026
