അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടുപോകുന്ന ആൻഡ്രോയിഡ് ഉപയോക്താക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ‘എമർജൻസി ലൊക്കേഷൻ സർവീസ്’ (ELS) ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ. സഹായത്തിനായി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഉപയോക്താവിന്റെ കൃത്യമായ ലൊക്കേഷൻ അധികൃതർക്ക് തൽസമയം ലഭ്യമാകുന്ന സംവിധാനമാണിത്. ഉത്തർപ്രദേശിലാണ് ഈ സേവനം ആദ്യമായി പൂർണതോതിൽ പ്രവർത്തനസഞ്ജമാകുക.

ആൻഡ്രോയിഡ് ഫോണുകളിൽ ഇൻ-ബിൽഡായി ലഭിക്കുന്ന സുരക്ഷാ ഫീച്ചറാണിത്. ഉപയോക്താവ് പോലീസ്, അഗ്നിശമന സേന അല്ലെങ്കിൽ ആംബുലൻസ് എന്നിവയ്ക്കായി എമർജൻസി നമ്പറിൽ (ഇന്ത്യയിൽ 112) വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്യുമ്പോൾ സംവിധാനം സ്വയം ആക്ടീവാകും. ഫോണിലെ ജിപിഎസ് (GPS), വൈ-ഫൈ, നെറ്റ്വർക്കുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് 50 മീറ്റർ വരെ കൃത്യതയിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കും. അതേസമയം, സ്വകാര്യത ഉറപ്പാക്കാൻ, ഗൂഗിളിന്റെ സെർവറുകളിലൂടെ കടന്നുപോകാതെ ലൊക്കേഷൻ ഡാറ്റ ഉപകരണത്തിൽ തന്നെ കണക്കാക്കുകയും അടിയന്തര എൻഡ്പോയിന്റിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ഇതിനുപുറമേ ‘എമർജൻസി ലൈവ് വീഡിയോ’ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അപകടസ്ഥലത്തെ ദൃശ്യങ്ങൾ ക്യാമറ വഴി തൽസമയം റെസ്പോണ്ടർമാർക്ക് പങ്കുവെക്കാനാകുന്നതാണ് സംവിധാനം.
