പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾ രൂപപ്പെടുത്തുന്നതിനുള്ള പുതിയ റെസിഡൻഷ്യൽ ബിസിനസ് ലോഞ്ച്പാഡ് ആരംഭിച്ച് സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തും ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപകൻ കിഷോർ ബിയാനിയും. ‘ദി ഫൗണ്ടറി’ എന്ന പേരിലാണ് ബിസിനസ് ലോഞ്ച്പാഡ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ സംരംഭക മനോഭാവമുള്ള വ്യക്തികളെ കണ്ടെത്തി, അവരുടെ ആശയങ്ങളെ നിക്ഷേപയോഗ്യമായ കമ്പനികളാക്കി മാറ്റുകയാണ് ഫൗണ്ടറിയിലൂടെ ലക്ഷ്യമിടുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 4 കോടി രൂപ വരെ സീഡ് ഫണ്ടിംഗ് ലഭിക്കുന്നതിനൊപ്പം, പ്രോഗ്രാം അവസാനിച്ചതിനു ശേഷവും തന്ത്രപരമായ പിന്തുണ തുടരുന്ന തരത്തിലാണ് പ്രവർത്തനം.

കോ-ഫൗണ്ടർ ഫാക്ടറിയായി പ്രവർത്തിക്കുന്ന ദി ഫൗണ്ടറി, 90 ദിവസത്തെ റെസിഡൻഷ്യൽ പ്രോഗ്രാം നടത്തും. ഈ കാലയളവിൽ പങ്കെടുക്കുന്നവർക്ക് ആശയങ്ങൾ രൂപപ്പെടുത്തുക, ഡിമാൻഡി വാലിഡേറ്റിംഗ്, ഉത്പന്ന നിർമാണം, മാർക്കറ്റ് ഫിറ്റ് മനസ്സിലാക്കൽ തുടങ്ങിയ ഘട്ടങ്ങളിൽ പ്രവർത്തിക്കാനാകും. ക്ലാസ്റൂം അധിഷ്ഠിത പഠനത്തേക്കാൾ പ്രായോഗിക നടപ്പിലാക്കലിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. സ്കൂൾ, ആക്സിലറേറ്റർ, വെഞ്ച്വർ സ്റ്റുഡിയോ എന്നിവയുടെ ഘടകങ്ങൾ സംയോജിപ്പിച്ച മാതൃകയാണിത്.
പങ്കെടുക്കുന്നവർക്ക് ഓപ്പറേറ്റർമാർ, നിക്ഷേപകർ എന്നിവരിൽനിന്ന് ഉത്പന്ന വികസനം, കമ്പനി ഘടന, പ്രാരംഭ തന്ത്രങ്ങൾ എന്നിവയിൽ മാർഗനിർദേശം ലഭിക്കും. സംരംഭ രൂപീകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവർ രൂപപ്പെടുത്തുന്ന സ്റ്റാർട്ടപ്പുകളിൽ 25 ശതമാനം വരെ ഇക്വിറ്റി നിലനിർത്താൻ അർഹത ലഭിക്കും. ആസ്പയറിംഗ് ഫൗണ്ടേർസ്, ഏർളി സ്റ്റേജ് ഒൺട്രൊപ്രൊണേർസ്, മിഡ് കരിയർ പ്രൊഫഷണലുകൾ എന്നിവർക്കായാണ് പ്രോഗ്രാം. ഔപചാരിക യോഗ്യതകൾക്കും ആകർഷകമായ പിച്ചുകൾക്കും അപ്പുറം പ്രശ്നപരിഹാര കഴിവ്, വ്യക്തമായ ചിന്ത, സൃഷ്ടിപരത, റെസിലിയൻസ് എന്നിവയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രാധാന്യം നൽകുക. എക്സിക്കയൂഷൻ തിങ്കിംഗ്, അഡാപ്റ്റബിലിറ്റി എന്നിവ അനുസരിച്ചുള്ള കഴിവുകൾ വിലയിരുത്തുന്നതിനായി അപേക്ഷകർ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകും.
വിജയ് ശേഖർ ശർമ, കുനാൽ ബഹൽ, മിഥുൻ സചേറ്റി, വരുൺ ബെറി, രാമ ബിജാപൂർക്കർ, ആകൃത് വൈഷ് തുടങ്ങിയ പ്രമുഖരാണ് ദി ഫൗണ്ടറിയുടെ മെന്റർമാർ. ഓരോ കോഹോർട്ടും ഡെമോ ഡേയോടെ സമാപിക്കും. ഇതിൽ സ്റ്റാർട്ടപ്പുകൾ തിരഞ്ഞെടുത്ത നിക്ഷേപകർക്ക് മുന്നിൽ അവതരണം നടത്തും. സംരംഭ നിർമാണത്തിനൊപ്പം, തീരുമാനമെടുക്കൽ, മാനസിക പ്രതിരോധശേഷി, സ്ഥാപക മനശ്ശാസ്ത്രം എന്നിവ കേന്ദ്രീകരിച്ചുള്ള ‘സ്കൂൾ ഓഫ് ലൈഫ്’ ട്രാക്കും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാമ്പസ് അടിസ്ഥാനത്തിലുള്ള ഈ പദ്ധതി ഓരോ വർഷവും നിരവധി കോഹോർട്ടുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.thefoundery.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Zerodha’s Nikhil Kamath and Future Group’s Kishore Biyani launch ‘The Foundery,’ a residential business launchpad offering up to ₹4 crore seed funding for startups.
