ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് ബ്രിഡ്ജായ ചെനാബ് പാലം ജൂൺ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഇന്ത്യയുടെ എഞ്ചിനീയറിംഗ് മികവിനെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഈ നിർമാണത്തിലൂടെ ഒരു വനിതയും വാർത്തകളിൽ ഇടം നേടി. ചെനാബ് പാലം വിജയകരമായി നിർമ്മിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ പ്രൊഫസർ ജി. മാധവി ലതയാണ് പാലത്തിന്റെ വിജയകരമായ പൂർത്തീകരണത്തോടെ ശ്രദ്ധാകേന്ദ്രമായത്. ഇപ്പോൾ മാധവി ലത എൻഡിടിവി ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ്.

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) പ്രൊഫസറായ മാധവി ലത 17 വർഷത്തോളമാണ് ചെനാബ് പാലം പദ്ധതിയിൽ ജിയോടെക്നിക്കൽ കൺസൾട്ടന്റായി പ്രവർത്തിച്ചത്. പാലത്തിന്റെ കരാറുകാരായ അഫ്കോൺസുമായി ചേർന്നായിരുന്നു മാധവിയുടെ പ്രവർത്തനം. വലിയ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ചെനാബ് പാലം പണിതിരിക്കുന്നത്. ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു മുതൽ ഘടന നിർമിക്കുന്നതിലെ ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം എന്നിവയിലടക്കം മാധവി സുപ്രധാന പങ്കുവഹിച്ചു.
ആന്ധ്രയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന മാധവി 1992ൽ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് നേടി. തുടർന്ന് അവർ വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എം ടെക് സ്വർണ്ണമെഡലോടെ പൂർത്തിയാക്കി. 2000ൽ അവർ ഐഐടി മദ്രാസിൽ നിന്ന് ജിയോടെക്നിക്കൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി. 2021ൽ ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റി മികച്ച വനിതാ ജിയോടെക്നിക്കൽ ഗവേഷക അവാർഡും അവർ സ്വന്തമാക്കി.
ചെനാബ് പാലം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, കാലാവസ്ഥ, ശക്തിയായ കാറ്റ്, ഉയരം എന്നിവ നിർമ്മാണത്തിൽ വെല്ലുവിളിയായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടക്കാൻ ഡിസൈൻ ആസ് യു ഗോ എന്ന രീതിയിലായിരുന്നു നിർമാണം. ഭൂമിശാസ്ത്രപരമായി ഉരുത്തിരിഞ്ഞ നിരവധി പ്രതികൂല സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തത്സമയ പദ്ധതി നിർവഹണത്തിൽ മാറ്റങ്ങൾ വരുത്തുക എന്ന രീതിയാണ് ഇത്. ഈ പ്രക്രിയയിൽ നിർണായക പങ്കുവഹിച്ചത് മാധവി ലതയാണ്.
ആങ്കറുകളുടെ രൂപകൽപ്പന, ആങ്കറുകൾ സ്ഥാപിക്കുന്നത് എന്നിവയിലും ഡോ. മാധവി ലതയുടെ സംഭാവനകൾ നിർണായകമായി. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായി പാലത്തിന്റെ രൂപകൽപ്പന എങ്ങനെ വിജയകരമായി പൂർത്തിയാക്കാനായി എന്ന് അടുത്തിടെ ഒരു പ്രബന്ധത്തിൽ മാധവി ലത വിശദീകരിച്ചിരുന്നു. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബരാമുള്ള റെയിൽവേ ലിങ്ക് (USBRL) പാലം പദ്ധതിക്ക് 2003ലാണ് അംഗീകാരം ലഭിച്ചത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം ഈഫൽ ടവറിനേക്കാൾ ഉയരമുള്ളതാണ്. 1315 മീറ്ററുള്ള പാലത്തിന്റെ നിർമാണച്ചിലവ് 1486 കോടി രൂപയാണ്.
Prof. Madhavi Latha of IISc played a vital role in building the Chenab Bridge. Discover her journey as the geotechnical consultant for the world’s highest arch bridge.
