2023ലെ ഹിൻഡൻബർഗ് പ്രതിസന്ധിക്കു ശേഷം ശക്തമായി തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ ഉയർന്നതിനുശേഷം കമ്പനി 33 കമ്പനികൾ ഏറ്റെടുത്തത് അടക്കം 80,000 കോടി രൂപയുടെ ഡീലുകൾ നടത്തിയതായാണ് റിപ്പോർട്ട്. വിദേശത്തെ കടലാസ് കമ്പനികൾ വഴി സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് പണമൊഴുക്കി, കൃത്രിമമായി വില പെരുപ്പിച്ച ഓഹരികൾ ഈടുവെച്ച് വായ്പകൾ തരപ്പെടുത്തിയെന്നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം.

ആരോപണങ്ങളെ തുടർന്ന് അദാനിക്കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 13.4 ലക്ഷം കോടി രൂപയോളം ഇടിവുണ്ടായിരുന്നു. എന്നാലിപ്പോൾ ആരോപണത്തിനു ശേഷം 80,000 കോടിയുടെ ഡീലുകൾ നടത്താനും അതുവഴി 33 കമ്പനികളെ സ്വന്തമാക്കാനും ഗ്രൂപ്പിന് കഴിഞ്ഞതായുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ വൻ തിരിച്ചുവരവാണ് അദാനി നടത്തിയിരിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ഇതിനുപുറമേ കൂടുതൽ നിക്ഷേപം സ്വീകരിക്കാനും ഗ്രൂപ്പിന് കഴിഞ്തായി അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഗ്രൂപ്പിന് ബിസിനസുള്ള എല്ലാ മേഖലകളിലും ഏറ്റെടുക്കലുകൾ നടന്നു. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് തുറമുഖ മേഖലയിലാണ്. 28,145 കോടി രൂപയാണ് തുറമുഖ കമ്പനികൾക്ക് വേണ്ടി ചിലവിട്ടത്. സിമന്റ് രംഗത്തെ ഏറ്റെടുക്കലിനായി 24,710 കോടി രൂപ, പുതിയ ബിസിനസ് മേഖലക്കായി 3,927 കോടി, ഊർജ മേഖലയിൽ 2,544 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന മേഖലകളിലെ ഡീലുകൾ. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നാണ് 2023ലും 2024ലും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ഓഹരി നിയന്ത്രണ ഏജൻസിയായ സെബി നടത്തിയ അന്വേഷണത്തിൽ അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
