പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നാറിലും ആലപ്പുഴയിലും വിനോദസഞ്ചാരികൾക്കായി ഹോളിഡേ ഹോമുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്തിനകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് ഉപയോഗിക്കാവുന്ന മൂന്ന് ഹോളിഡേ ഹോമുകളാണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിർമിക്കുക. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഭവന നഗരകാര്യ സഹമന്ത്രി ടോകൻ സാഹുവാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാനും അതുവഴി പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനും ഹോളിഡേ ഹോമുകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കുന്നതിനൊപ്പം, ലഭ്യതയുള്ള സാഹചര്യത്തിൽ ഫസ്റ്റ് കം ഫസ്റ്റ് എന്ന അടിസ്ഥാനത്തിൽ മറ്റ് സഞ്ചാരികളുടെ ആവശ്യങ്ങളും ഇതുവഴി നിറവേറ്റും. കേന്ദ്ര സർക്കാരിന്റെ ഈ ഹോളിഡേ ഹോമുകളും ടൂറിംഗ് ഓഫീസേഴ്സ് ഹോസ്റ്റലുകളും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ പരിപാലനം സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റാണ് (CPWD) നിർവഹിക്കുന്നത്.കൂടുതൽ സഞ്ചാരികൾ എത്തുന്ന മൂന്നാർ, ആലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമായ ചെലവുകുറഞ്ഞ താമസസൗകര്യത്തിന്റെ എണ്ണം ഇതുവഴി വർധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ താമസിക്കാത്ത സമയങ്ങളിൽ ആഭ്യന്തര സഞ്ചാരികൾക്ക് ഈ സൗകര്യങ്ങൾ ബുക്ക് ചെയ്ത് ഉപയോഗിക്കാനാകും.
നിലവിൽ കൊച്ചി പുല്ലേപ്പടി, കതൃക്കടവ്, തിരുവനന്തപുരം പൂങ്കുളം, വെള്ളായണി, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിൽ ഇത്തരം ഹോസ്റ്റലുകൾ നിലവിലുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലുമായി അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ ആഭ്യന്തര സഞ്ചാരികൾക്കായി പ്രോത്സാഹിപ്പിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരം ഹോസ്റ്റലുകൾ കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിലൂടെ അധിക ആനുകൂല്യമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
