സ്വിഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്വിക്ക് കൊമേഴ്സ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡെലിവറി–ഗിഗ് തൊഴിലാളികൾ ക്രിസ്മസ് ദിനത്തിൽ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. ഇതിനു പിന്നാലെ ഡിസംബർ 31നും സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ ദിനംപ്രതി മോശമാകുന്നതായും വേതനം, സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ നിഷേധിക്കപ്പെടുന്നതായും ചൂണ്ടിക്കാണിച്ചാണ് പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങൾ.

പീക്ക് സീസണുകളിലും ഉത്സവ ദിവസങ്ങളിലും ലാസ്റ്റ്-മൈൽ ഡെലിവറിയുടെ പ്രധാനഭാഗം ഏറ്റെടുത്തിട്ടുപോലും ഡെലിവെറി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (IFAT) പ്രസ്താവനയിൽ വ്യക്തമാക്കി. നീണ്ട ജോലി സമയം, കുറഞ്ഞ വരുമാനം, അപകടകരമായ ഡെലിവെറി ടാർഗെറ്റുകൾ തുടങ്ങിയവയാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നങ്ങൾ. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഐഡി ബ്ലോക്കിംഗ്, ജോലി സുരക്ഷയുടെ അഭാവം, അടിസ്ഥാന ക്ഷേമ പരിരക്ഷകൾ ഇല്ലാത്തത് എന്നിവയ്ക്ക് വിധേയരാക്കുന്നതായി തൊഴിലാളികൾ പരാതിപ്പെടുന്നു
‘10 മിനിറ്റ് ഡെലിവെറി’ പോലുള്ള മോഡലുകൾ പിൻവലിക്കണമെന്നും, വ്യക്തവും നീതിയുള്ള വേതന ഘടന നടപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. യാതൊരു നടപടിക്രമവുമില്ലാതെ ഐഡികൾ ബ്ലോക്ക് ചെയ്യുന്നതും പിഴ ചുമത്തുന്നതും അവസാനിപ്പിക്കണം. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ശക്തമാക്കുക, ആൽഗോരിതം അടിസ്ഥാനമാക്കിയുള്ള വിവേചനം ഒഴിവാക്കി സ്ഥിരമായ ജോലി വിന്യാസം ഉറപ്പാക്കൽ, മാനുഷികമായ പെരുമാറ്റത്തിനൊപ്പം നിർബന്ധിത വിശ്രമവേളകളും ന്യായമായ ജോലി സമയവും തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു.
