സ്ത്രീകളുടെ ആത്മവിശ്വാസത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും പ്രചോദനം നൽകുന്ന വ്യക്തിയാണ് സൺറൈസ് ഹോസ്പിറ്റൽസ് (Sunrise Group of Hospitals) മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ് (Parveen Hafeez). ഇപ്പോൾ ചാനൽ അയാം ഷീ പവറിൽ സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തെയും സ്ത്രീകളുടെ ആത്മവിശ്വാസത്തെയും കുറിച്ച് ശക്തമായ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് പർവീൺ. മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സ്ത്രീകളെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്ന പ്രവണത സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, അതിനെക്കുറിച്ച് വിഷമിച്ചു നിൽക്കാതെ സ്വന്തം വഴിയിൽ മുന്നോട്ട് പോകണമെന്നും അവർ അഭിപ്രായപ്പെട്ടു. പുരുഷനും സ്ത്രീയും തമ്മിൽ മത്സരിക്കാനല്ല, സ്ത്രീയ്ക്കും പുരുഷനും അവരുടേതായ പങ്കുണ്ടെന്ന തിരിച്ചറിവാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് ഇന്നത്തെ കാലത്ത് വിദ്യാഭ്യാസവും അവസരങ്ങളും പിന്തുണയും എല്ലാം ലഭ്യമാണെന്നും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതിൽ ഉറച്ചുനിന്നാൽ മുന്നോട്ട് പോകാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, മുന്നോട്ട് കയറുമ്പോൾ പിന്നിൽ നിന്ന് വലിക്കാൻ ശ്രമിക്കുന്ന ‘ക്രാബ് മെന്റാലിറ്റി’ പോലെയുള്ള ആളുകൾ ഉണ്ടാകുമെന്നും, അതിനെ കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ പറഞ്ഞു. ‘നിനക്ക് സാധിക്കില്ല’ എന്ന വാക്ക് ഒരിക്കലും കേൾക്കാതെ ‘നിനക്ക് കഴിയും’ എന്ന ആത്മവിശ്വാസത്തോടെയാണ് വളർന്നത്. ചെന്നൈയിൽ പഠിച്ച കാലഘട്ടവും, സ്കൂൾ ജീവിതവും, കൂട്ടുകാർക്കൊപ്പം കളിച്ചും പഠിച്ചും വളർന്ന അനുഭവങ്ങളും ആത്മവിശ്വാസം വളർത്താൻ സഹായിച്ചു. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വലിയ കാര്യങ്ങൾ വേണ്ട, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ പഠിക്കണം. സ്വയം സ്നേഹിക്കുന്നത് സൗന്ദര്യവുമായി ബന്ധപ്പെട്ടല്ല, ആത്മസ്വീകാര്യതയുമായി ബന്ധപ്പെട്ട കാര്യമാണ്-അവർ പറഞ്ഞു. സുരക്ഷിതരാകുക, തിളക്കത്തോടെ മുന്നേറുക-സ്വയവും, കുടുംബത്തിനും സമൂഹത്തിനും അഭിമാനം നൽകുന്നവരാകുക എന്നതാണ് യുവതലമുറയോടുള്ള പർവീൺ ഹഫീസിന്റെ സന്ദേശം.
